മുംബൈ: സ്വർണനിക്ഷേപ തട്ടിപ്പിൽ ബോളിവുഡ് നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരേ പോലീസിൽ പരാതി. വിദേശ ഇന്ത്യക്കാരൻ സച്ചിൻ ജോഷിയാണ് ഖാർ പോലീസിൽ പരാതി നല്കിയത്.
ശില്പയും കുന്ദ്രയും ഏറ്റെടുത്തു നടത്തിയിരുന്ന സത്യുഗ് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയിലെ സ്വർണനിക്ഷേപ പദ്ധതിയിൽ പെടുത്തി 2014ൽ ഒരു കിലോ സ്വർണം 18.58 ലക്ഷം രൂപയ്ക്കു വാങ്ങി.
കാലാവധി അവസാനിക്കുന്ന അഞ്ചുവർഷത്തിനുള്ളിൽ ഡിസ്കൗണ്ട് തുകയായി ഗോൾഡ് കാർഡും നിശ്ചിത അളവിൽ സ്വർണവും നല്കുമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയെന്നുമാണു പരാതി.
ശില്പ പറഞ്ഞതുപ്രകാരം 2019 മാർച്ച് 25നാണ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്.
എന്നാൽ, ഇതിനുമുന്നേ ബാന്ദ്രയിലെ കുർള സമുച്ചയത്തിലെ കന്പനി ഓഫീസ് അടച്ചുപൂട്ടിയതായും 2016-17 കാലയളവിൽ ഡയറക്ടർസ്ഥാനത്തുനിന്ന് ശില്പയും കുന്ദ്രയും രാജിവച്ചതായും കണ്ടെത്തിയെന്നു പരാതിയിൽ പറയുന്നു.
കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.