വടക്കഞ്ചേരി: കാപ്പിമരത്തിന്റെ തടിയിലും വേരിലുമായി തീര്‍ത്ത മനോഹര ശില്പങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുമ്പോള്‍ പ്രദീപിന്റെയും മക്കളുടെയും മനസ് ഉണരും. ഇതില്‍നിന്നുള്ള വരുമാനംകൊണ്ടുവേണം ഭാര്യ ഷീബാറാണിയുടെ ചികിത്സാചെലവുകള്‍ കണ്ടെത്താന്‍. രണ്ടു കിഡ്‌നികളുടെയും പ്രവര്‍ത്തനം നിലച്ച് ആഴ്ചയില്‍ രണ്ടുതവണ നടക്കുന്ന ഡയാലിസിലാണ് ഷീബാറാണിയിപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഡയാലിസിസ് ഒരുദിവസം തെറ്റിയാല്‍ സ്ഥിതി മോശമാകും. ഇതിനാല്‍ കുറഞ്ഞ വിലയ്ക്കാണെങ്കിലും ശില്പങ്ങള്‍ വിറ്റ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയാണ് പ്രദീപും മക്കളും.
മംഗലംപാലത്തെ ഗദ്ദിക മേളയിലാണ് പ്രദീപ് വയനാട് എന്ന ശില്പി കുടുംബത്തിന്റെ സ്റ്റാളുള്ളത്. മക്കളായ പ്രഷീബ്, ശില്പ, അര്‍ജുന്‍ എന്നീ മൂന്നുമക്കളും ശില്പനിര്‍മാണത്തിലെ മുന്‍നിരക്കാരാണ്.വിദ്യാര്‍ഥികളായ ഇവര്‍ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ പ്രദീപിന്റെ മക്കള്‍ക്കാകും മിക്കപ്പോഴും സമ്മാനം.ശില്പനിര്‍മാണ മികവിനൊപ്പം നിമിഷകവിപോലെയാണ് പ്രദീപ്. നിരവധി കവിതകളുടെ സമാഹാരം തന്നെയുണ്ട് പ്രദീപിന്റെ ശേഖരത്തില്‍. ഗദ്ദികയെക്കുറിച്ചും കവിത ജനിച്ചിട്ടുണ്ട്. സ്റ്റാളില്‍ തിരക്കില്ലെങ്കില്‍ ശില്പനിര്‍മാണവും കവിതാരചനയിലുമാകും പ്രദീപ്. മേളയിലെത്തുന്ന കലാപ്രതിഭകള്‍ക്കെല്ലാം പ്രദീപ് ഏതെങ്കിലും ശില്പം നല്കി സാന്നിധ്യം അറിയിക്കും.
കഴിഞ്ഞദിവസങ്ങളില്‍ എത്തിയ സിനിമാനടന്മാരായ ഇന്നസെന്റിനും മുകേഷിനും തന്റേതായ ചെറിയ സമ്മാനങ്ങള്‍ നല്കിയിരുന്നു. അവരുടെ വിസ്മയ കഴിവുകളെ ആദരിച്ചാണ് താന്‍ സമ്മാനം നല്കുന്നതെന്നാണ് പ്രദീപ് പറയുന്നത്. അച്്ഛനും ജ്യേഷ്ഠന്മാരുമാണ് ശില്പനിര്‍മാണത്തിലെ ഗുരുക്കളെന്നു പ്രദീപ് പറയുന്നു.
നൂറും നൂറ്റമ്പതും വര്‍ഷം പ്രായമുള്ള കാപ്പിമരത്തടികളിലാണ് പ്രദീപിന്റെ ശില്പവിരുതുകള്‍ക്ക് ജീവന്‍ വയ്ക്കുന്നത്. ഇതിനാല്‍ എത്രവര്‍ഷം വേണമെങ്കിലും മരഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനാകും. ചെടിചട്ടി വയ്ക്കാനുള്ള സ്റ്റാന്‍ഡുകള്‍, കമ്പ്യൂട്ടര്‍ സ്റ്റാന്‍ഡ്, സൈനിംഗ് മേശ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് പ്രദീപിന്റെയും മക്കളുടെയും ഭാവനയില്‍ വിടരുന്നത്.
നിര്‍മിച്ച ശില്പങ്ങള്‍ മറ്റെവിടേക്കെങ്കിലും പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി കൊണ്ടുപോകുമ്പോള്‍ സെയില്‍സ്ടാക്‌സുകാര്‍ പിടികൂടുന്നതാണ് ഇവരെപ്പോലെയുള്ള ശില്പനിര്‍മാതാക്കളെ ദുരിതത്തിലാക്കുന്നത്. പിടികൂടി വലിയ തുക പിഴയും മറ്റും ചുമത്തുന്നത് ഈ കലയെ തളര്‍ത്തുമെന്ന് പ്രദീപ് പറയുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഇത്തരം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനു പ്രത്യേക അനുമതി നല്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.