പെരുന്പടവ്: പെരുവാന്പയിലെ പുതിയവീട്ടിൽ രതീഷിന് വെറുതെയിരിക്കാൻ നേരമില്ല. മനസിനിണങ്ങിയ ചിത്രം മുന്നിൽ കിട്ടിയാൽ അത് മരത്തിൽ പണിതീർത്താലേ പിന്നെവിശ്രമമുള്ളൂ. താജ്മഹൽ, പിസാ ഗോപുരം, മുച്ചിലോട്ട് ഭഗവതി, പാലോട്ട് ദൈവം, തായ്പരദേവത, ശബരിമല ക്ഷേത്രത്തിന്റെ പൂർണരൂപം തുടങ്ങി അനേകം ശില്പങ്ങൾ രതീഷ് പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യമായി പണിതത് താജ്മഹലിന്റെ രൂപത്തിൽ മരത്തിൽ തീർത്ത ശില്പമാണ്. ഏകദേശം മൂന്നുമാസം കൊണ്ടാണ് ഇതിന്റെ പണി പൂർത്തീകരിച്ചത്.
അവസാനമായി പണി പൂർത്തിയാക്കിയത് ശബരിമല ക്ഷേത്രത്തിന്റെ പൂർണരൂപമാണ്. ഇതിന് അഞ്ചുമാസം സമയം വേണ്ടിവന്നുവെന്ന് രതീഷ് പറയുന്നു. വളരെ മനോഹരമായി പണി പൂർത്തിയാക്കിയ ഈ ശില്പം കാണാൻ ദിവസവും നിരവധി ആളുകളാണ് രതീഷിന്റെ വീട്ടിലെത്തുന്നത്. കുന്പിൾ, തേക്ക് മരങ്ങളിലായിട്ടാണ് രതീഷ് ശില്പങ്ങൾ നിർമിക്കുന്നത്.
ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ രതീഷ് കംപ്യൂട്ടർ ഗ്രാഫിക് ഡിസൈനിംഗ് ഡിപ്ലോമയും പൂർത്തീകരിച്ചിട്ടുണ്ട്. പരസ്യങ്ങളിലും നാടകങ്ങളിലും അഭിനയിക്കുന്ന രതീഷ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് രതീഷിന് ആവശ്യമായ പിന്തുണയും സഹായവും നൽകാൻ സാധിക്കുന്നില്ല. സിനിമാ മേഖലയിലും ശില്പനിർമാണത്തിലും കൂടുതൽ സാധ്യതകൾ തേടുകയാണ് ഈ യുവാവ്. ഫോൺ: 9495418632.