പിലിക്കോട്: കുന്നും വയലും നായികാ നായകൻമാരാവുന്ന ’പോത്’ എന്ന പരിസ്ഥിതി സിനിമ ശിൽപി സുരേന്ദ്രൻ കൂക്കാനം ഒരുക്കുന്നു. ദൃശ്യകലയിലൂടെ സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങളെ അനാവരണം ചെയ്യുന്ന ഒരു പരിസ്ഥിതി ചിത്രമാണിത്. അല കേരളത്തിന്റെ ബാനറിലാണ് സിനിമ നിർമിക്കുക.
സുരേന്ദ്രൻ കൂക്കാനമാണ് ഇതിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. പുതുമുഖം ശരത് സുരേന്ദ്രൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേന്ദ്രൻ കൂക്കാനത്തിന്റെ ശില്പങ്ങളും ചിത്രങ്ങളും കൈമാറിക്കിട്ടുന്ന തുകയാണ് ഈ ചിത്രത്തിന്റെ നിർമാണത്തിനുപയോഗിക്കുന്നത്.
അതിനായി കേരളത്തിലെ ചില നഗരങ്ങളിലും ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും ഗൾഫ് നാടുകളിലും സുരേന്ദ്രന്റെ ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കും. ചിത്ര കൈമാറ്റത്തിന്റെ ഒൗപചാരികമായ തുടക്കം സംസ്ഥാന സിനിമാ അവാർഡ് ജേതാവ് ഇന്ദ്രൻസ് നാളെ രാവിലെ പത്തിന് കാസർഗോഡ് പ്രസ് ക്ലബ്ബിൽ നിർവഹിക്കും.