പാമ്പിനെ വളര്‍ത്തുന്ന ക്ലാസില്‍ ചെരിപ്പിടാന്‍ പാടില്ല! അധ്യാപകര്‍ക്കെതിരെ പാരവയ്ക്കാനും കള്ളം പറയാനും ഈ കുട്ടികള്‍ ആയിട്ടില്ല; ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനിയുടെ സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ചാനല്‍ റിപ്പോര്‍ട്ടറുമാരോട് സംഭവം തുറന്നുപറയുന്ന വീഡിയോ പങ്കുവച്ച് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏതൊരു സാധാരണക്കാരനും ചോദിച്ചുപോകുന്ന കാര്യങ്ങള്‍ തന്നെയാണ് ഇത്. കഴിഞ്ഞയാഴ്ച സ്വന്തം മകന് സ്‌കൂളില്‍ ഉണ്ടായ അപകടവും അധ്യാപകരുടെ പ്രവര്‍ത്തിയും പിന്നെ കുറേ ചോദ്യങ്ങളുമാണ് ഡോക്ടര്‍ പങ്കുവയ്ക്കുന്നത്.

ഒരു കുട്ടി ‘പാമ്പ് കടിച്ചു’ എന്ന് പറയുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് സത്യമാണോ എന്നറിയാനെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകില്ലേ. അധ്യാപകര്‍ക്കെതിരെ പാര വെക്കാനും കള്ളം പറയാനും പ്രായം കൊണ്ട് ഈ കുട്ടികള്‍ ആയിട്ടില്ല. അല്‍പം കൂടി മുതിര്‍ന്ന കുഞ്ഞുങ്ങള്‍ ആയിരുന്നെങ്കില്‍ അവര്‍ മീഡിയയുടെ മുന്നില്‍ ഇത്ര ധൈര്യത്തോടെ ഇത് പറയുകയുമില്ല. ഡോക്ടര്‍ ഷിംന അസീസ് പറയുന്നു.

പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദന്പതികളായ അബ്ദുല്‍ അസീസിന്റെയും സജ്‌നയുടെയും മകള്‍ ഷഹല ഷെറിനാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച വൈകുന്നേരം ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

കഴിഞ്ഞാഴ്ച മോന്റെ സ്‌കൂളില്‍ നിന്നൊരു കോള്‍ വന്നു, അവന്റെ ക്ലാസ് ടീച്ചറാണ്.

‘ഇഷാന്‍ ഒന്ന് വീണു. അവന്റെ കൈയിന് ഒരു വളവ് കാണുന്നു, നീരും വെച്ചിട്ടുണ്ട്. ഞങ്ങളവനെ ആശുപത്രിയിലേക്ക് കൊണ്ടു വരികയാണ്.’

സ്‌കൂളിനടുത്തുള്ള ആശുപത്രിയിലേക്കാണ് അവര്‍ കൊണ്ടു വരുന്നത്. അവനെ ഞാന്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വരാന്‍ പറയാന്‍ തുടങ്ങിയെങ്കിലും വേണ്ടെന്ന് വെച്ചു. അവിടെ നിന്ന് എക്‌സ്‌റേ എടുക്കുമ്പൊഴേക്കും എനിക്ക് ചെന്ന് കൂട്ടിക്കൊണ്ടു വരാമല്ലോ.

അവര്‍ക്ക് പെട്ടെന്ന് വാഹനസൗകര്യം കിട്ടാത്തത് കൊണ്ട് അവര്‍ വീണ്ടും വിളിച്ചപ്പോഴേക്ക് ഞാന്‍ പാതി വഴി എത്തിയിരുന്നു. സ്‌കൂളിലേക്ക് നേരിട്ട് ചെന്നപ്പോള്‍ ക്ലാസ് ടീച്ചറും പിടി സാറും ഓടി വന്നു. അവന്റെ കഴുത്തിലൂടെ സ്ലിങ്ങ് ഇട്ട് ഒടിവ് സ്‌റ്റേബിള്‍ ആക്കിയിട്ടുണ്ട്. കുഞ്ഞ് എന്നെ കണ്ടപ്പോള്‍ ഒന്ന് കരഞ്ഞു, വേദനയുണ്ടെന്ന് പറയുകയും ചെയ്തു. അവരോട് യാത്ര പറഞ്ഞ് മോനെ കൂട്ടി വന്നു. അവന്റെ കൈയിലെ ഒടിവിന് പ്ലാസ്റ്റര്‍ ഇട്ട് ആള്‍ ഇപ്പോ വിശ്രമത്തിലാണ്.

ഇത്രയും പറഞ്ഞതിനടിസ്ഥാനം പത്ത് മിനിറ്റ് മുന്‍പ് കണ്ടൊരു വീഡിയോയാണ്. ഇന്നലെ വയനാട്ടിലെ സ്‌കൂളില്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച കുട്ടിയുടെ സഹപാഠികള്‍ ചാനലുകളോട് സംസാരിക്കുന്ന വീഡിയോ. സ്‌കൂളിലെ ചുമരില്‍ പാമ്പ് സസുഖം താമസിക്കുന്ന പൊത്ത് എങ്ങനെ വന്നു എന്നത് ആദ്യചോദ്യം, അവിടിരിക്കട്ടെ. മരിച്ച കുട്ടി, പാമ്പിന്റെ കടിയേറ്റെന്ന് മൂന്നാല് തവണ പറഞ്ഞിട്ടും, പല അധ്യാപകര്‍ക്കും കാര്‍ ഉണ്ടായിരുന്നിട്ടും രക്ഷിതാവ് വരാന്‍ കാത്തിരുന്നു പോലും. കൂടെയുള്ള ഈ കുട്ടികളുടെ പ്രതിഷേധം പോലും ഏതോ അധ്യാപകന്‍ വടി കാണിച്ച് ആട്ടിയോടിക്കുകയാണ് ചെയ്തത് പോലും. പാമ്പിനെ വളര്‍ത്തുന്ന ക്ലാസില്‍ ചെരിപ്പിടാന്‍ പാടില്ലെന്ന് നിയമവും! ഏത് ഗണത്തിലാണ് ആ അധ്യാപകരുടെ നിലപാടിനെ ചേര്‍ക്കേണ്ടത്

മക്കള്‍ ഒരു തലവേദന പറഞ്ഞാലോ ഛര്‍ദ്ദിച്ചാലോ പോലും അതീവജാഗ്രതയോടെ വിളിച്ച് പറയുന്ന ക്ലാസ് അധ്യാപകരെയാണ് പരിചയം. അവര്‍ രണ്ടു പേരും ഒരു സാധാരണ സ്‌കൂളിലാണ് പഠിക്കുന്നതും. പോയിട്ടുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്ലാം തന്നെ പല ഗണത്തില്‍ പെട്ട അധ്യാപകരെ കണ്ടിട്ടുണ്ട്. മിക്കവര്‍ക്കും കുട്ടികളെ അതുപോലെ ഇഷ്ടമാണ്.

ഇനി ഏത് കൂട്ടത്തില്‍ പെട്ടവരാകട്ടെ, ഒരു കുട്ടി ‘പാമ്പ് കടിച്ചു’ എന്ന് പറയുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് സത്യമാണോ എന്നറിയാനെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകില്ലേ ഒരു കാരണവശാലും സമയം വൈകിക്കാതെ ആശുപത്രിയില്‍ എത്തിക്കേണ്ടുന്ന എമര്‍ജന്‍സിക്ക് ഈ അലസത കാണിച്ചത് ഏത് രീതിയിലാണ് ന്യായീകരിക്കുക കാലില്‍ കെട്ട് ഇട്ട ശേഷം പിതാവിനെ കാത്തിരുത്തി എന്ന് വരെ സഹപാഠികള്‍ പറയുന്നുണ്ട്. അപ്പോള്‍, അറിഞ്ഞോണ്ടായിരുന്നോ

അധ്യാപകര്‍ക്കെതിരെ പാര വെക്കാനും കള്ളം പറയാനും പ്രായം കൊണ്ട് ഈ കുട്ടികള്‍ ആയിട്ടില്ല. അല്‍പം കൂടി മുതിര്‍ന്ന കുഞ്ഞുങ്ങള്‍ ആയിരുന്നെങ്കില്‍ അവര്‍ മീഡിയയുടെ മുന്നില്‍ ഇത്ര ധൈര്യത്തോടെ ഇത് പറയുകയുമില്ല. അവരുടെ നൊമ്പരവും ആത്മാര്‍ത്ഥതയും അവരുടെ വാക്കിലെ ശൗര്യത്തിലുണ്ട്.

ജീവിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന ഒരുവള്‍ അധ്യാപകരുടെ അനാസ്ഥ കൊണ്ട് പോയി. ഇനിയുമൊരു കുഞ്ഞിന് ഇത് സംഭവിക്കരുത്.

ശക്തമായ നടപടി ഉണ്ടാകണം. ഉണ്ടായേ മതിയാകൂ.

Dr. Shimna Az-e-ez

Related posts