മഹാരാഷ്ട്രയിലെ യാചക മാഫിയയിലെ കിരീടം വയ്ക്കാത്ത റാണിമാർ രണ്ടു സഹോദരിമാരായിരുന്നു. ഒരു കാലത്തു വിഹരിച്ചിരുന്ന നഗരങ്ങളിൽ കുടുംബങ്ങളുടെ പേടിസ്വപ്നം തന്നെയായിരുന്നു ഇവർ.
കുട്ടികളെ ഉപയോഗിച്ചുള്ള യാചകവൃത്തിയിലൂടെ ഇവർ ഏറെ സന്പാദിച്ചു.
അതിനായി കുട്ടികളെ തട്ടിയെടുത്തു. അനുസരിക്കാത്തവരെ കൊടും ക്രൂരതകൾക്ക് ഇരയാക്കി. ഒട്ടും അനുസരിക്കാത്തവരെ കൊന്നുകളയാൻ പോലും ഈ ക്രിമിനൽ സഹോദരിമാർ മടിച്ചില്ല.
ക്രിമിനൽ സഹോദരിമാർ
കരുണ തൊട്ടുതീണ്ടിയിട്ടില്ലാത്ത സഹോദരിമാരായിരുന്നു സീമ മോഹൻ ഗവിത്, രേണുക കിരൺ ഷിൻഡെ എന്നിവർ. ഒൻപതു കുട്ടികളെ കൊലപ്പെടുത്തിയ കേസ് ഇവരുടെ പേരിലുണ്ട്.
തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 13. ഇതൊക്കെ വെളിച്ചത്തുവന്ന കേസുകൾ മാത്രം. അല്ലാത്ത കേസുകളുണ്ടോയെന്നത് ഇനിയും ചുരുളഴിയാത്ത ദുരൂഹതയാണ്.
13 കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലും ഇതിൽ ഒന്പതു കുട്ടികളെ കൊലപ്പെടുത്തിയ കേസിലും മുംബൈ ഹൈക്കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു.
ഉത്തരവിനെതിരേ സുപ്രീം കോടതി വരെ അപ്പീൽ പോയെങ്കിലും അതെല്ലാം തള്ളപ്പെട്ടു. വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയെങ്കിലും അതും നിരസിക്കപ്പെട്ടു.
1990 മുതൽ 1996 വരെ പൂന, താനെ, കോലാപ്പൂർ, നാസിക് തുടങ്ങിയ നഗരങ്ങളിൽനിന്നാണ് ഈ ക്രിമിനൽ സഹോദരിമാർ കുട്ടികളെ തട്ടിക്കൊണ്ടുപോയത്.
പുതിയ തന്ത്രം
സത്യത്തിൽ തുടക്കം കുട്ടികളെ തട്ടിയെടുക്കുന്നതിൽനിന്നായിരുന്നില്ല. മോഷണവും തട്ടിപ്പുമൊക്കെയായിരുന്നു പ്രധാന പരിപാടി. അങ്ങനെ ഒരു മോഷണ ശ്രമത്തിനിടയിൽ രേണുകയെ നാട്ടുകാർ പിടികൂടി.
1990ൽ പൂനയിലെ ഒരു ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെയാണ് രേണുക നാട്ടുകാരുടെ കൈയിൽപ്പെട്ടത്. അന്നു രേണുകയോടൊപ്പം ഒരു കൊച്ചുകുട്ടിയുമുണ്ടായിരുന്നു.
ഒരമ്മയായ തനിക്കു കുഞ്ഞിന്റെ മുന്പിൽവച്ചു മോഷണം നടത്താൻ കഴിയില്ലെന്നും തന്നെ വെറുതേ വിടണമെന്നും അവർ തന്നെ വളഞ്ഞ ജനക്കൂട്ടത്തിനോടു യാചിച്ചു. അവളുടെ അഭിനയം ഏറ്റു. സഹതാപം തോന്നിയ ജനക്കൂട്ടം അവളെയും കുഞ്ഞിനെയും വിട്ടയച്ചു.
പക്ഷേ, ഇതോടെ രേണുകയുടെ ക്രിമിനൽ ബുദ്ധി ഒന്നുകൂടി ഉണർന്നു. എവിടെയെങ്കിലും വച്ചു പിടിക്കപ്പെട്ടാൽ ഒരു കുഞ്ഞ് ഒപ്പമുണ്ടെങ്കിൽ എങ്ങനെയെങ്കിലും രക്ഷപ്പെട്ടു പോകാമെന്നും സഹതാപം കിട്ടുമെന്നും അവൾ തിരിച്ചറിഞ്ഞു.
ഇതോടെ മോഷണങ്ങൾക്കു കുഞ്ഞുങ്ങളെ ഒരു മറയാക്കി മാറ്റാൻ അവൾ തീരുമാനിച്ചു. ഇതിനായി കുട്ടികളെ തട്ടിയെടുക്കാനും അവൾ പദ്ധതിയിട്ടു.
രേണകയോടൊപ്പം സഹോദരി സീമയും ക്രിമിനൽ പ്രവൃത്തികൾക്കു കൂട്ടുചേർന്നു.
ഇവരുടെ അമ്മയായിരുന്നു എല്ലാ പ്രചോദനവും നല്കി ഒപ്പം നിന്നത്. കുട്ടികളെ തട്ടിയെടുക്കുന്നതിൽ ഇവർ പ്രത്യേക വിരുത് ഉണ്ടായിരുന്നു.
(തുടരും)