ചാക്കോച്ചനെ ആദ്യമായി കാണുന്നത് നമ്മള് എന്ന സിനിമയുടെ ലെക്കേഷനില്‍ വെച്ചാണ്. ചാക്കോച്ചന്റെ കൂടെ ആദ്യമായി വര്‍ക്ക് ചെയ്യുന്നത് സ്വപ്നക്കൂട് എന്ന ചിത്രത്തിലാണ്.
നമ്മള് സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് ചാക്കോച്ചന് ലൊക്കേഷനില്‍ എത്തിയിരുന്നു. തൃശൂര്‍ വഴി പോയപ്പോള്‍ കമല്‍ സാറിനെ കാണാന്‍ വന്നതാണ്.
അന്നാണ് ആദ്യമായി ചാക്കോച്ചനെ നേരിട്ട് കാണുന്നത്. അതുകഴിഞ്ഞ് എന്റെ അടുത്ത മൂവി സ്വപ്നക്കൂടില്‍ ചാക്കോച്ചനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റി.
അന്ന് ഞാന്‍ ചാക്കോച്ചന്റെ മൊബൈല്‍ നമ്പര്‍ നൈസായിട്ട് സംഘടിപ്പിച്ചു. അന്ന് മൊബൈലൊന്നും അത്ര പോപ്പുലറല്ല. പക്ഷേ ചാക്കോച്ചന്റെ കൈയില്‍ ഫോണുണ്ട്.
അങ്ങനെ ഞാന്‍ വീട്ടിലെത്തിയ ശേഷം ചാക്കോച്ചനെ വിളിച്ചു. പടം റിലീസായ സമയത്താണ് വിളിച്ചത്. ഞാന്‍ ഷൈന്‍ ടോം ആണ്, കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന എന്നൊക്കെ പറഞ്ഞ് സംസാരിച്ചുതുടങ്ങി.
ആ എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്നൊക്കെ അദ്ദേഹം ചോദിച്ചു. പിന്നെ ഞാന്‍ ഫോണ്‍ അമ്മയ്ക്കും വീട്ടുകാര്‍ക്കുമൊക്കെ കൊടുത്തു.
ഞാന്‍ ഫിലിമില്‍ വര്‍ക്ക് ചെയ്യാന്‍ പോയ ശേഷം അവര്‍ ആദ്യമായി ഒരു ഫിലിം സ്റ്റാറുമായി സംസാരിച്ചത് ചാക്കോച്ചനുമായിട്ടാണ്. -ഷൈന്‍ ടോം ചാക്കോ