കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപ് മൊഴികൾ വിശദമായി പരിശോധിച്ച് പോലീസ്. താരത്തിന്റെ ചില സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ ലഹരിയുമായി ബന്ധമുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ചില വ്യക്തികൾക്ക് കൈമാറിയ 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകളിലാണ് സംശയം. സമീപ കാലത്ത് ഇത്തരത്തിൽ നടന്ന 14 ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഈ ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിന്റെ വിശദീകരണം. എന്നാൽ, ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.
താരത്തിന്റെ ലഹരി ഉപയോഗത്തിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിന് വൈദ്യ പരിശോധന ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഷൈനിന്റെയും കേസിലെ രണ്ടാം പ്രതി അഹമദ് മുർഷാദിന്റെയും ഫോണുകൾ വിശദ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
2000 മുതൽ 5000 വരെ: ഷൈനിന്റെ ഇടപാടുകള്‍ പരിശോധിച്ച് പോലീസ്; കടംകൊടുത്ത പണമെന്ന് താരം
