കൊടുങ്ങല്ലൂർ: വനിതാ ദിനത്തിൽ കൊടുങ്ങല്ലൂർ നഗരസഭയിലെ വനിതാ കൗണ്‍സിലർമാർ തമ്മിൽ ഉന്തും തള്ളും. അജൻഡ ചർച്ച ചെയ്യാതെ അഞ്ചു മിനിറ്റിനുള്ളിൽ പാസാക്കി നഗരസഭ ചെയർപേഴ്സണ്‍ കൗണ്‍സിൽ ഹാളിൽനിന്ന് ഇറങ്ങിപ്പോയി.
ഇന്നലെ രാവിലെ പത്തരയ്ക്കാണു സംഭവം. കൗണ്‍സിൽ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ കുറച്ചു വിഷയങ്ങൾ സംസാരിക്കണമെന്നാവശ്യപ്പെട്ടു.
അജൻഡയ്ക്കുശേഷം ചർച്ചയാകാമെന്നു നഗരസഭ ചെയർപേഴ്സണ്‍ എം.യു. ഷിനിജ മറുപടി നൽകിയെങ്കിലും ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയിതിട്ട് അജൻഡയിലേക്കു കടക്കാമെന്ന മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ അംഗങ്ങൾ പ്ലക്കാർഡുകളേന്തി നടുത്തളത്തിലിറങ്ങി ചെയർപേഴ്സണ്‍ന്റെ മുന്നിൽനിന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ അജൻഡകളെല്ലാം പാസാക്കിയതായി അറിയിച്ച് ചെയർപേഴ്സണ്‍ ഇറങ്ങിപ്പോയി.
ബിജെപി കൗണ്‍സിലർമാർ ചെയർപേഴ്സന്റെ മുറിക്കും ചേംബറിനു മുന്നിലും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് ചെയർപേഴ്സനെ തടഞ്ഞുവച്ചു.
അജൻഡ കാണിച്ചു തരണമെന്നും മിനിറ്റ്സിൽ ഒപ്പിടാൻ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തടയൽ. ഇതിനിടയിൽ എൽഡിഎഫ് – ബിജെപി വനിതാ കൗണ്‍സിലർമാർ തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളും നടന്നു.
കൊടുങ്ങല്ലൂർ എസ്ഐ സൂരജ് എത്തി പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സിഐ ബ്രിജുകുമാർ, ഡിവൈഎസ്പി സലീഷ് എൻ. ശങ്കരൻ എന്നിവരെത്തി ഇരുപക്ഷത്തെയും കൗണ്‍സിലർമാരെ ചെയർപേഴ്സന്റെ മുറിയിൽനിന്നു പുറത്താക്കി.
ഡിവൈഎസ്പിയും കക്ഷി നേതാക്കളും തമ്മിൽ ചർച്ച നടത്തിയെങ്കിലും അലസി. തുടർന്ന് ചെയർപേഴ്സനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് എൽഡിഎഫ് കൗണ്‍സിലർമാരും ആശുപത്രിയിൽ ചികിത്സ തേടി.തുടർന്ന് എൽഡിഎഫ് കൗണ്‍സിലർമാരും ബിജെപി കൗണ്‍സിലർമാരും നഗരത്തിൽ പ്രകടനം നടത്തി.
വനിതാദിനത്തിൽ ചെയർപേഴ്സനെ ബിജെപി കൗണ്സിലർമാർആക്രമിച്ചെന്ന് എൽഡിഎഫ്
കൊടുങ്ങല്ലൂർ: ലോക വനിതാദിനത്തിൽ നഗരസഭ ചെയർപേഴ്സണ്‍ എം.യു. ഷിനിജയെ ബിജെപി കൗണ്‍സിലർമാർ ആക്രമിച്ചെന്ന് എൽഡിഎഫ് ആരോപിച്ചു. ശാരീരിക കൈയേറ്റത്തെതുടർന്ന് ചെയർപേഴ്സണെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് എൽഡിഎഫ് കൗണ്‍സിലർമാരും ആശുപതിയിൽ ചികിത്സതേടിയിട്ടുണ്ട്.
ബിജെപിയുടെ അക്രമരാഷ്ടീയം കൊടുങ്ങല്ലൂരിൽ അനുവദിക്കില്ലെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ഒരു വനിത എന്ന പരിഗണന പോലും നൽകാതെ ലോക വനിതാദിനത്തിൽ നഗരസഭ ചെയർപേഴ്സനെ മണിക്കൂറുകളോളം ചേന്പറിൽ ഇരുത്തി മാനസികമായി പീഡിപ്പിക്കുകയും തുടർന്ന് കൈയേറ്റം ചെയ്യുകയും ചെയ്തത് അങ്ങേ യറ്റം പ്രതിഷേധാർഹമാണ്.
കൈയേറ്റം ചെയ്ത ബിജെപിക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും എൽഡിഎഫ് നേതാക്കളായ കെ. ആർ. ജൈത്രൻ, സി.കെ. രാമനാഥൻ എന്നിവർ ആവശ്യപ്പെട്ടു.