കൊച്ചി: യുവനടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ കർശന നടപടിയിൽ നിന്ന് വിട്ടുവീഴ്ച്ചയ്ക്കൊരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഷെയ്നെ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സിനിമാ മേഖലയിൽ നിന്ന് സമിശ്ര പ്രതികരണം ഉണ്ടായതിനെ തുടർന്നാണ് വിട്ടുവീഴ്ചയ്ക്ക് നിർമാതാക്കൾ തയാറായത്. ഒപ്പം താരസംഘടനയായ ’അമ്മ’ യും വിലക്ക് നീക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഷെയ്ന്റെ നിസഹകരണം മൂലം ചിത്രീകരണം മുടങ്ങിയ രണ്ടു സിനിമകൾക്കുണ്ടായ നഷ്ടം നികത്താതെ തുടർന്നുള്ള ഒരു സിനിമയിലും അഭിനയിപ്പിക്കേണ്ട എന്ന ശക്തമായ നിലപാടിൽ നിന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ അയഞ്ഞിരിക്കുന്നത്.
ചിത്രീകരണം പൂർത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് പൂർത്തീകരിച്ചാൽ ഷെയ്ന്റെ വിലക്ക് നീക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ ഇന്ന് വ്യക്തമാക്കി. മാത്രമല്ല, തെറ്റ് സ്വയം തിരിച്ചറിഞ്ഞ് തിരുത്തുകയും വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
വെയിൽ, കുർബാനി എന്നീ സിനിമകളാണ് ഷെയ്ന്റെ നിസഹകരണം മൂലം ഷൂട്ടിംഗ് മുടങ്ങിയത്. രണ്ട് സിനിമകൾക്കുമായി ഏഴു കോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതു നൽകാതെ തുടർന്ന് ഒരു സിനിമയിലും ഷെയ്നെ അഭിനയിപ്പിക്കേണ്ട എന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് സിനിമ മേഖലയിൽ നിന്നുള്ള വ്യക്തികളും സംഘടനകളും പ്രതികരണങ്ങൾ നടത്തിയത്.
ഷെയ്ന്റെ നടപടികളെ ശക്തമായി വിമർശിക്കുന്പോഴും ഒരാളുടെ ജോലിയെ തടസപ്പെടുത്തുംവിധം വിലക്ക് ഏർപ്പെടുത്തുന്നതിനോട് താര സംഘടനയായ അമ്മയ്ക്ക് യോജിപ്പില്ല. കാര്യങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കുന്നതിനോടാണ് ഇവർക്ക് താൽപര്യം. പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി ഷെയ്ന്റെ മാതാവ് ഇന്നലെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകിയിരുന്നു.
ഇത് പ്രസിഡന്റ് മോഹൻലാലിന് ഇടവേള ബാബു കൈമാറിയിട്ടുണ്ട്. ഇരുവരും ഇന്നോ നാളയോ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടും. ചർച്ചകൾക്കുള്ള അവസരം ഒരുക്കുന്നതിനായിട്ടാണത്. എന്നാൽ ഡബ്ബിംഗ് പൂർത്തിയാക്കാൻ ഷെയ്ൻ സന്നദ്ധമായാലെ ചർച്ചകൾ ഉണ്ടാകൂവെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും.