പയ്യന്നൂര്‍: മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്റെ ഡ്രൈവര്‍ കാറമേല്‍ മുച്ചിലോട്ടെ പി.വി. ഷിനോജ്(29) സത്യസന്ധതയിൽ മുഹ്സീനയക്ക് തിരികെ ലഭിച്ചത് അറുപത് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ.
ഇന്നലെ രാത്രി എട്ടോടെയാണ് വീടിന് സമീപത്തെ മുച്ചിലോട് ക്ഷേത്രപരിസരത്ത് റോഡില്‍ ഒരു ബാഗ് വീണുകിടക്കുന്നതായി ഷിനോജ് കണ്ടത്.
ബാഗ് തുറന്നുനോക്കിയപ്പോഴാണ് അതില്‍ സ്വർണാഭരണങ്ങളായിരുന്നു. ബാഗിൽ നിന്ന് ലഭിച്ച ഡോക്ടറുടെ പഴയ കുറിപ്പടിയില്നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചാണ് ഉടമയായ പാലത്തരയിലെ മുഹ്സിനയെ വിവരമറിയിച്ചത്.
ബന്ധുവിന്റെ വീട്ടിലെ സല്ക്കാരാഘോഷങ്ങളില് പങ്കെടുത്തശേഷം ഓട്ടോ ടാക്സിയിലുള്ള മടക്കയാത്രയിലാണ് ഇവരുടെ ബാഗ് നഷ്ടമായത്.
മടക്കയാത്രക്ക് മുമ്പ് ആഭരണങ്ങള്‍ ഊരി ബാഗില്‍ വെച്ചിരുന്നു. മുഹ്സീനയുടെ മകളും കുട്ടികളുമാണ് ഓട്ടോടാക്സിയിലുണ്ടായിരുന്നത്.
കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ബാഗ് വീണുപോയത് മുതിര്‍ന്നവര്‍ അറിഞ്ഞുമില്ല. വീട്ടിലെത്തി സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് എവിടേയോ നഷ്ടപ്പെട്ടതിന്റെ മാനസിക പ്രയാസത്തില്‍ കഴിയുന്നതിനിടയിലാണ് ഷിനോജിന്റെ വിളിയെത്തിയത്.
നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണാഭരണങ്ങള്‍ കണ്ടുകിട്ടയതിന്റെ ആശ്വാസത്തിലെത്തിയ മുഹ്സീനക്ക് സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു ഷിനോജിന്.
അറുപത് ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ്് മുഹ്സീന ഷിനോജിനോട് പറഞ്ഞത്. ഷിനോജിന്റെ സത്യസന്ധതയെ നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദിച്ചു.