ഇങ്ങനെയൊക്കെ ചെയ്യാമോ? ഓട്ടോ എക്‌സ്‌പോയില്‍ എത്താന്‍ താമസിച്ചു; അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ മര്‍ദിച്ചു

4--Shintoകോഴിക്കോട്: തമിഴ്‌നാട് നാമക്കല്‍ എക്‌സല്‍ എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദിച്ച സംഭവത്തില്‍ നാമക്കല്‍ എസ്പിക്ക് ഇന്ന് എഫ്‌ഐആര്‍ കൈമാറും. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങളാണ് സിറ്റി പോലീസ് കമ്മീഷണര്‍ മുഖാന്തിരം നാമക്കല്‍ എസ്പിക്ക് കൈമാറുന്നത്.

നാമക്കല്‍ എക്‌സല്‍ എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ കോഴിക്കോട് പന്തീരാങ്കാവ് പുത്തലത്ത്പറമ്പ് രമേശന്റെ മകന്‍ ഷിന്റോ (18) ഇന്നലെയാണ് മര്‍ദനം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഷിന്റോയില്‍ നിന്നും ഇന്നലെ വൈകുന്നേരം തന്നെ പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയരുന്നു.

കോളജിലെ ഓട്ടോ എക്‌സ്‌പോയില്‍ എത്താന്‍ താമസിച്ചെന്ന കാരണം പറഞ്ഞാണ് മര്‍ദിച്ചതെന്ന് കോഴിക്കോട്് ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഷിന്റോ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷിന്റോ ഉള്‍പ്പെടെ എട്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റതായും പരാതിയുണ്ട്.

ഷിന്റോ കൂടാതെ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖ് (17), ഇടുക്കി സ്വദേശി അമല്‍ ദേവ് (17) എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ എത്താന്‍ വൈകിയെന്ന പേരില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ ആദ്യം മുഹമ്മദ് ഷഫീഖിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇത് ചോദ്യം ചെയ്ത ഷിന്റോ  ഉള്‍പ്പടെയുള്ള ഏഴ് വിദ്യാര്‍ഥികളെ അധ്യാപകരില്‍ ചിലരും  ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഷിന്റോയുടെ തലയ്ക്കും പിന്‍ഭാഗത്തുമാണ് മര്‍ദനമേറ്റത്. മുറിയുടെ ഭിത്തിയോട് ചേര്‍ത്ത് മര്‍ദിച്ചതിനെ തുടര്‍ന്ന് ഷിന്റോയുടെ തലയില്‍ മുറിവേറ്റിട്ടുണ്ട്. കോളജ് മുറിയിലെ സിസിടിവി കാമറകള്‍ പോലും പ്രവര്‍ത്തനരഹിതമാക്കിയായിരുന്നു മര്‍ദനമെന്നാണ് പരാതിയില്‍ പറയുന്നുണ്ട്.

Related posts