സിജോ പൈനാടത്ത്
കൊച്ചി: നിലത്തിഴഞ്ഞു നീങ്ങിയ നാളുകളില്‍നിന്ന് എന്‍ജിനീയറിംഗ് കോളജിലെ കംപ്യൂട്ടര്‍ ലാബിന്റെ സാങ്കേതിക വിദഗ്ധനിലേക്കുള്ള ദൂരം ഷിന്റോ ജോസഫിന് അതിജീവനവും അഭിമാനവുമാണ്.
ഒന്നര വയസില്‍ പിടികൂടിയ പോളിയോ ശരീരം തളര്‍ത്തിയെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ കുതിക്കാന്‍ ഷിന്റോ കൂട്ടുപിടിച്ചത് തളരാത്ത മനസിനെയും തളരരുതെന്നു നിരന്തരം ഓര്മിപ്പിച്ചവരെയും.
ആലുവ കീഴ്മാട് മുട്ടംതൊട്ടില്‍ ഷിന്റോ ജോസഫിന്റെ ഇരുകാലുകളും വലതുകൈയുമാണു പോളിയോ തളര്‍ത്തിയത്.
സമപ്രായക്കാര്‍ പഠിക്കാനും കളിക്കാനും പോയപ്പോള്‍, ഷിന്റോ അക്ഷരാര്‍ഥത്തില്‍ ഇഴയുകയായിരുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത ബാല്യവും കൗമാരവും.
എസ്ഡി സന്യാസിനിമാരുടെ പരിചരണത്തില്‍ കോതമംഗലം നെല്ലിമറ്റത്തെ ‘പ്രതീക്ഷ’യില്‍ ഏഴാം ക്ലാസു വരെ താമസിച്ചുള്ള പഠനം ജീവിതത്തിലേക്കുള്ള ആദ്യ പ്രതീക്ഷയായി.
തുടര്‍ന്നു ബിരുദപഠനം വരെ സിഎംഐ വൈദികരുടെ മേല്‍നോട്ടത്തില്‍ തൊടുപുഴ വഴിത്തലയിലുള്ള ശാന്തിഗിരിയില്‍. എസ്എസ്എല്‍സിക്ക് ഒന്നാം ക്ലാസോടെ വിജയം.
ബിസിഎയ്ക്കുശേഷം ശാന്തിഗിരിയില്തന്നെ ഏതാനും വര്‍ഷം ജോലി. ഇതിനിടയില്‍ ചുണങ്ങംവേലിയിലെ സിഎംഐയുടെ ‘കൃപ’സെന്ററില്‍ താമസിച്ച് ഇലക്ട്രോണിക്സില് ഐടിസി പഠനം.
പതിനേഴാം വയസില്‍ നടത്തിയ ശസ്ത്രക്രിയ നിലത്തിഴഞ്ഞിരുന്ന ഷിന്റോയെ എഴുന്നേല്പിച്ചിരുത്തി. ശേഷം വീല്‍ചെയറിലായി ചലനം. കൃപയുടെ മുന്‍ ഡയറക്ടറും ഇപ്പോള്‍ സിഎംഐയുടെ സാമൂഹ്യസേവന വിഭാഗമായ സേവയുടെ സാരഥിയുമായ ഫാ. മാത്യു കിരിയാന്തന്റെ പ്രോത്സാഹനം പുതിയ സ്വപ്നങ്ങള്‍ കാണാന്‍ ഷിന്റോയ്ക്കു പ്രചോദനമായി.
അതു കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിലേക്കുള്ള വഴി തുറന്നു.
2008 മുതല്‍ കോളജില്‍ ജോലി ചെയ്യുന്നു. ചലനം വീല്ചെയറിലാകുമ്പോഴും ലാബിലെ 84 കംപ്യൂട്ടറുകളുടെയും വിദ്യാര്‍ഥികളുടെ പ്രോജക്ടുകളുടെയുമൊക്കെ ചുമതല കൃത്യമായി നിര്‍വഹിക്കുന്ന ഷിന്റോയെ കോളജിനു മുഴുവന്‍ പ്രിയപ്പെട്ടവനാക്കി.
മുച്ചക്രവണ്ടിയില്‍ കോളജിലേക്കു പോയിരുന്ന ഷിന്റോയെ 2015 ലുണ്ടായ റോഡപകടം വീണ്ടും തളര്‍ത്തി. തുടയെല്ലിലെ അസ്ഥികള്‍ തകര്‍ന്നു.
ഇനി കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവിടെയും തോൽക്കാന് ഷിന്റോ തയാറല്ലായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയും തിരിച്ചുവരവിനായുള്ള അതിയായ ആഗ്രഹവും ജീവിതത്തിലേക്കു മടക്കിയെത്തിച്ചു.
ഇപ്പോള്‍ പ്രത്യേകം ക്രമീകരിച്ച കാറിലാണു കോളജിലേക്കും തിരിച്ചും യാത്ര. ഡ്രൈവിംഗ് സീറ്റില്‍ നിന്നു നേരേ വീല്ചെയറിലേക്കും. ഭാഗികമായി ചലനശേഷിയുള്ള ഒരു കൈയും ഒരു കാലും പിന്നെ കരളുറപ്പുംകൊണ്ടു കാറോടിച്ചു ഷിന്റോ വേളാങ്കണ്ണിവരെ പോയിട്ടുണ്ട്.
ഭിന്നശേഷിക്കാരിയായ ഭാര്യ വിനി തൃശൂരില്‍ അക്ഷയ സെന്റര്‍ നടത്തുന്നു. ഒന്നാം ക്ലാസുകാരി ശ്രേയയാണു മകള്‍.