കോട്ടയം: ലോഡ്ജിൽ മുറിയെടുത്തു മദ്യപിച്ചശേഷം സുഹൃത്തിന്റെ പഴ്സ്, മൊബൈൽ ഫോണ്, ബൈക്ക് എന്നിവ മോഷ്്ടിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പള്ളി ആലപ്പാട്ട് ഷിനു കൊച്ചുമോനെ(32)യാണ് പിടികൂടിയത്. ഇയാളുടെ സുഹൃത്താണ് പിടിയിലാകാനുള്ളത്.
തിരുവഞ്ചൂർ സ്വദേശിയേയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ നവംബർ 13നാണ് കേസിനാസ്പദമായ സംഭവം. തിരുവഞ്ചൂർ സ്വദേശിയും ഷിനു കൊച്ചുമോനും തമ്മിൽ പരിചയമുണ്ടായിരുന്നു.
ഇവർ തമ്മിൽ കോട്ടയം നഗരത്തിൽ വച്ചു കണ്ടുമുട്ടി. ഈ സമയം ഷിനുവിന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. തുടർന്നു മൂവരും ചേർന്നു നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് മദ്യപിച്ചു.
പിന്നീട് ഷിനുവും സുഹൃത്തും ചേർന്നു തിരുവഞ്ചൂർ സ്വദേശിയുടെ പഴ്സും ബൈക്കും മൊബൈൽ ഫോണും മോഷ്്ടിച്ചു മുങ്ങുകയായിരുന്നു.
തുടർന്ന് ഇയാൾ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നല്കി. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.