ഇവരൊന്നും ഒരു കുഞ്ഞിനെയും കൊന്നുകളയുന്നില്ല! തലയോട്ടി തകര്‍ന്നും അമ്മയുടെ കാമുകന്‍മാരുടെ കൈ കൊണ്ടും കൊല്ലപ്പെടുന്നില്ല; കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നവര്‍ ഇതുപോലുള്ള മാതാപിതാക്കളെ അറിഞ്ഞിരിക്കണമെന്ന് സാമൂഹികപ്രവര്‍ത്തക

നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്ന അച്ഛനമ്മമാരുടെ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കെ, സ്വന്തം ജീവിതവും താതാപര്യങ്ങളും സമ്പത്തും മുഴുവന്‍ ചെലവഴിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന മാതാപിതാക്കളെ അത്തരക്കാര്‍ ഒന്ന് പരിചയപ്പെടണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ഷൈനി ജോണ്‍ എന്ന സാമൂഹിക പ്രവര്‍ത്തക, തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

കാസര്‍ക്കോട്ട് കാറഡുക്കയില്‍ എന്‍ഡോസള്‍ഫാന്റെ ദുരന്തം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ കരളലിയിക്കുന്ന കാഴ്ചയാണ് ഇവര്‍ എഴുതിയിരിക്കുന്നത്. ഷൈനിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കുഞ്ഞുങ്ങളെ കൊന്നുകളയുന്നവരേ..

ഇങ്ങനെയും അമ്മമാരുണ്ട് .. അച്ഛന്‍മാരുണ്ട്.

ഇന്നലെ ചേര്‍ത്തലയില്‍ ഒരു കുഞ്ഞ് കൂടി അമ്മയുടെ കൈ കൊണ്ട് കൊല്ലപ്പെട്ട വാര്‍ത്ത ഓണ്‍ലൈനില്‍ വായിക്കുമ്പോള്‍ കാസര്‍ഗോഡ് കാറഡുക്കയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലായിരുന്നു.

ഞങ്ങളുടെ മുന്നില്‍ ജീവനുള്ള മാംസപിണ്ഡംപോലെ വളഞ്ഞു തിരിഞ്ഞ കൈകാലുകളുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞുങ്ങളുമായി ഒരമ്മ ഞങ്ങള്‍ക്കു മുന്നില്‍ കണ്ണീര്‍ തുടയ്ക്കുകയായിരുന്നു.

ദേവ്‌നയുടെ അമ്മ.

മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന വിഭിന്ന ശേഷിയുള്ള അഞ്ചു വയസുകാരിയാണ് ദേവ്‌ന.

രണ്ടു വയസുള്ള അവളുടെ ഇളയ കുട്ടിയ്ക്ക് ജീവന്‍ ഉണ്ടെന്നേയുള്ളു.

95% മാനസിക, ശാരീരിക വൈകല്യം.

ആ കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്തി ആ അമ്മയും അച്ഛനും ചോദിക്കുന്നു

‘ഈ കുഞ്ഞുങ്ങളെയും കൊണ്ട് ഞങ്ങള്‍ എന്ത് ചെയ്യാനാണ്. ‘

അര നിമിഷം പോലും കുഞ്ഞുങ്ങളുടെ അടുത്തു നിന്ന് മാറാന്‍ സാധിക്കില്ല അവര്‍ക്ക്.

മാമ്പൂ കണ്ട് കൊതിച്ചാലും മക്കളെ കണ്ട് പ്രതീക്ഷിക്കാന്‍ അവര്‍ക്കൊന്നുമില്ല.

എന്നിട്ടും കാസര്‍ഗോഡിലെ എത്രയോ അമ്മമാര്‍ ,അച്ഛന്‍മാര്‍ ഈ കുഞ്ഞുങ്ങളെ പൊന്നുപോലെ പരിപാലിക്കുകയാണ്…. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റില്‍ നിന്ന് പല കുട്ടികളും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു.

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്ന നരാധമ കമ്പനിക്ക് വേണ്ടി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നിശബ്ദരാകുകയാണ്.

വന്‍ കോര്‍പറേറ്റ് ശക്തിയ്ക്ക് വേണ്ടി വാദിക്കുന്ന വക്കീലന്‍മാര്‍ ഇവരുടെ കണ്ണീരില്‍ ചവുട്ടി നിന്ന് വിധികള്‍ അനുകൂലമാക്കുന്നു.

ഓരോ കുഞ്ഞിന്റെയും അവകാശങ്ങള്‍ ലിസ്റ്റില്‍ നിന്നും അയോഗ്യമാക്കുമ്പോള്‍ മൗനരായി പ്രേതക്കോലങ്ങളെ പോലെ നില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളു.

പത്തു വയസിന് മീതെയുള്ള വയ്യാത്ത കുഞ്ഞുങ്ങളെ എന്‍ഡോസള്‍ഫാന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

ഇത്രയും വര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്റെ ദൂഷ്യം മേഖലയില്‍ നിന്നില്ലതായെന്ന് കമ്പനി വക്കീലന്‍മാര്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.

ആരോഗ്യമേഖല അധികൃതര്‍ അത് അംഗീകരിച്ചു കൊണ്ടിരിക്കുന്നു ..

മുളിയൂര്‍ ,കാറഡുക്ക പഞ്ചായത്തിലെ പ്രദേശങ്ങളില്‍ ഇന്നലെ ചെറിയ സഹായവുമായി സുഹൃത്തുക്കള്‍ക്കൊപ്പം ചെല്ലുമ്പോള്‍ അവരോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യുന്ന ക്രൂരമായ അവഗണനകള്‍ നേരില്‍ കണ്ടു.

ഒരു കുട്ടി എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ആ കുട്ടിയുടെ ചികിത്സ, ചികിത്സാ പെന്‍ഷന്‍, മറ്റ് കാര്യങ്ങള്‍ മുതലായവ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിന്‍ കീഴില്‍ വരും..

അതു കൊണ്ട് പരമാവധി കുട്ടികളെ

‘ സെറിബ്രല്‍ പാള്‍സി ‘ എന്ന് രേഖപ്പെടുത്തി തലയൂരുകയാണ് അധികൃതര്‍.

അതെ.. കടലാസുകളില്‍ കാസര്‍ഗോഡ് ഇപ്പോള്‍ ജനിക്കുന്നത് സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞുങ്ങള്‍ മാത്രം..

എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ കറ സെറിബ്രല്‍ പാള്‍സി യില്‍ മുക്കി ഇല്ലാതാക്കുകയാണ്.

കുഞ്ഞുങ്ങളെ കൊല്ലുന്ന സ്ത്രീകളേ.. കുഞ്ഞുങ്ങളെ ജീവനോട് ചേര്‍ത്തു പിടിക്കുന്നവരേ..

നിങ്ങള്‍ ഇവിടുത്തെ അമ്മമാരെ ഒന്ന് കാണണം..

ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചവര്‍.

ആ കുഞ്ഞുങ്ങള്‍ കിടക്കുന്ന ഇത്തിരി വട്ടത്തില്‍ ജീവിതം ഹോമിക്കുന്നവര്‍..

ആ കുഞ്ഞുങ്ങളെയും കൈയ്യിലേന്തി ആനുകൂല്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകളുടെ തിണ്ണ നിരങ്ങുന്നവര്‍..

വില്ലേജ് ഓഫീസര്‍മാരുടെയും ആശുപത്രി അധികൃതരുടെയും ‘ നടക്കില്ല’ എന്ന ക്രൂരമായ വാക്കുകള്‍ക്ക് മുന്നില്‍ നിരാശയോടെ തിരിച്ചു വരുന്നവര്‍.

പലര്‍ക്കും വീടില്ല .. ചിലര്‍ ഇടിഞ്ഞു വീഴാറായ വാടക വീടുകളില്‍ ജീവിതം തള്ളിനീക്കുന്നു.

ദേവ്‌നയുടെ വീടിന്റെ ചിത്രം ദയനീയമാണ്. ഇടിഞ്ഞു വീഴാറായ മേല്‍ക്കൂര .

കമ്പി കൊണ്ടും പട്ടിക കൊണ്ടും കമ്പു നാട്ടിയും പൊളിഞ്ഞ് വീഴാതെ താങ്ങി വെച്ചിരിക്കുന്നു..

ആ മേല്‍ക്കൂരയ്ക്ക് താഴെ ഈ വയ്യാത്ത കുട്ടികള്‍ക്ക് പുറമെ ആരാധ്യമോളും ഒരു കൈക്കുഞ്ഞും ഉള്‍പ്പെടെ നാലുകുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ ..

അവിടെ ഒരു എല്‍.ഡി.എഫ് വന്നിട്ടും ഒന്നും ശരിയായിട്ടില്ല

വഴി തെറ്റിയ സമൂഹത്തിന് വഴി കാട്ടാന്‍ ബി.ജെ.പിയില്ല ..

കോണ്‍ഗ്രസും ഇല്ല .. കോര്‍പറേറ്റുകള്‍ക്ക് മുകളില്‍ റാകി പറക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിയുമോ എന്നും അറിയില്ല.

തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിലര്‍ക്ക് വീട് നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് അത് നിഷേധിക്കപ്പെട്ടിരിക്കുന്നു ..

അടിയന്തിരമായി വീടിന്റെ മേല്‍ക്കൂര പൊളിച്ച് പണിതില്ലെങ്കില്‍ ഈ മഴക്കാലത്ത് മറ്റൊരു ദുരന്ത വാര്‍ത്ത കേരളം കേള്‍ക്കും.

അതുറപ്പ്..

പഞ്ചായത്തോ ജനപ്രതിനിധികളോ അത് കണ്ട മട്ടില്ല.

ഈ വീടിനേക്കാള്‍ കഷ്ടമായ അവസ്ഥയാണ് വാടക വീടുകളില്‍ കഴിയുന്നവരുടേത്.

ഈ പോസ്റ്റിന്റെ കൂടെ ചില ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്.

നിങ്ങള്‍ ആ അമ്മമാരുടെ … അച്ഛന്‍മാരുടെ മുഖത്തേക്ക് ഒന്നു നോക്കണം.

ഹൃദയമുള്ളവര്‍ക്ക് ശൂന്യത കണ്ടു നില്‍ക്കാന്‍ കഴിയില്ല.

ഈ ഇലക്ഷന് വോട്ട് ചെയ്യാന്‍ പോയോ എന്ന് ചോദിച്ചപ്പോള്‍ എല്ലാം പരിഗണിച്ച് നേരെയാക്കാം എന്ന വാഗ്ദാനം നല്‍കി ഏതൊക്കെയോ പാര്‍ട്ടിക്കാര്‍ കൊണ്ടുപോയത്രേ..

അവര്‍ക്ക് പോകാതിരിക്കാന്‍ കഴിയില്ലല്ലോ. പ്രതീക്ഷയുടെ ഓരോ കച്ചിത്തുരുമ്പും അവര്‍ പരീക്ഷിക്കും.

അവരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി..

അവര്‍ ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളായി മടങ്ങി വരില്ലെന്ന് അവര്‍ക്കറിയാം.

എങ്കിലും ആ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ മരുന്നിന് വേണ്ടി.

നല്ല ആഹാരത്തിന് വേണ്ടി..

ഫിസിയോ തെറാപ്പിക്ക് വേണ്ടി അവര്‍ പ്രതീക്ഷ കൈവിടാതെ ഉറ്റുനോക്കും..

വില്ലനാകുന്ന MRl സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ കാട്ടി സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയിലേക്ക് അവരെ കുരുക്കിയിടുമ്പോഴും അവര്‍ ശൂന്യമായി ചിരിക്കും.

എറിഞ്ഞു കിട്ടുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് നന്ദി പറയും..

അവരൊന്നും ഒരു കുഞ്ഞിനെയും കൊന്നുകളയുന്നില്ല

തലയോട്ടി തകര്‍ന്നും അമ്മയുടെ കാമുകന്‍മാരുടെ കൈ കൊണ്ടും കൊല്ലപ്പെന്നില്ല ..

ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിക്കാനായി പൊരുതുകയാണവര്‍..

അവരുടെ സമരങ്ങള്‍ അധികൃതരുടെ കപടവാഗ്ദാനങ്ങളില്‍ ഒതുങ്ങുന്നു മിക്കപ്പോഴും

അവര്‍ക്ക് നേരെ കാരുണ്യ ഹസ്തം നീട്ടാന്‍ സര്‍ക്കാര്‍ മാത്രമല്ല.. നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്.. കനിവിന്റെ കരങ്ങള്‍ അവര്‍ക്ക് നേരെ നീളട്ടേ എന്ന പ്രാര്‍ഥനയോടെ..

(ആവശ്യമുള്ളവര്‍ക്ക് വിവരങ്ങള്‍ നല്‍കാം)

ഇനി ഒരു കുഞ്ഞും ക്രൂരതകള്‍ക്കിരയാകരുതേ എന്ന പ്രാര്‍ഥനയോടെ.

Related posts