ടെഹ്റാൻ: മോശം കാലാവസ്ഥയെ തുടർന്ന് ഒമാനിലേക്കുള്ള യാത്രാമധ്യേ മുങ്ങിയ കപ്പലിൽ നിന്ന് 11 ഇന്ത്യൻ നാവികരെ ഇറാൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
ഒമാനിലെ സോഹാർ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പൽ ശക്തമായ കാറ്റും സാങ്കേതിക പ്രശ്നങ്ങളും മൂലം ഇറാനിയൻ കടലിലൂടെ വഴിതിരിച്ച് വിടുകയായിരുന്നു.
തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഗബ്രിക്ക് ജില്ലയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിന് അഭിമുഖമായി എത്തിയപ്പോൾ കപ്പൽ മുങ്ങുകയായിരുന്നു.
കപ്പലിൽ പഞ്ചസാര യാണ് കടത്തിയിരുന്നത്. കപ്പൽ ജീവനക്കാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ജാസ്ക് കൗണ്ടി (സൗത്ത്) ആക്ടിംഗ് ഗവർണർ അലി മെഹ്റാനി അറിയിച്ചു.
മോശം കാലാവസ്ഥ തെക്കൻ ഇറാനെ മാത്രമല്ല, ഗൾഫിലെ അറബ് രാജ്യങ്ങളെയും അടുത്ത ദിവസങ്ങ ളിൽ ബാധിച്ചു. നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിരുന്നു.