കൊച്ചി: കൊച്ചി പുറം കടലില്‍ മത്സ്യ ബന്ധന ബോട്ടിലിടിച്ചു രണ്ടു പേരുടെ മരണത്തിനിടയാക്കിയ ആംബര്‍ എല്‍ എന്ന ചരക്ക് കപ്പലിലെ ക്യാപ്റ്റനെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്നു പോലീസ്. കോസ്റ്റ് ഗാര്‍ഡ് തടഞ്ഞുവെച്ചിരിക്കുന്ന കപ്പല്‍ പരിശോധിക്കുന്ന നടപടികള്‍ ഷിപ്പിംഗ് വിഭാഗം ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നാവികനെ അറസ്റ്റ് ചെയ്യാനാവുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ക്യാപ്റ്റനെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്ന് കോസ്റ്റല്‍ എഡിജിപി ടോമിന് ജെ. തച്ചങ്കരി പറഞ്ഞു.
തുറമുഖ വകുപ്പ്, മര്ക്കെന്റയില് മറൈന്‍ വകുപ്പ്, കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിവരടങ്ങുന്ന എട്ടംഗ സംഘമാണ് രാവിലെ ഒമ്പതോടെ പരിശോധനയ്ക്കായി കപ്പലിലേക്കു തിരിച്ചത്. എന്നാല്‍, ആംബര്‍ എല്‍ കപ്പല്തന്നെയാണോ മത്സ്യ ബന്ധന ബോട്ടിലിടിച്ചതെന്നു സ്ഥിരീകരിക്കാന്‍ കപ്പലിലെ വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധിച്ചെങ്കില്‍ മാത്രമേ സാധ്യമാകൂ. ശബ്ദമടക്കം കപ്പിലിന്റെ വേഗവും ദിശയുമെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന സംവിധാനമാണ് വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍. അപകടങ്ങളുണ്ടാകുമ്പോള്‍ വിമാനത്തിലെ ബ്ലാക് ബോക്സ് കണ്ടെത്തുന്നതിനു സമാനമാണ് കപ്പലിലെ വോയേജ് റെക്കോര്‍ഡര്‍.
അപകടമുണ്ടായ സമയത്തു സമീപ പ്രദേശങ്ങളില്‍ ഏഴു കപ്പലുകള്‍ ഉണ്ടായിരുന്നതിനാല്‍ ഏതു കപ്പലിടിച്ചാണ് അപകടമുണ്ടാതെന്ന് അറിയണമെങ്കില്‍ വോയേജ് റെക്കോര്‍ഡര്‍ ഡീക്കോഡ് ചെയ്തെങ്കില്‍ മാത്രമേ സാധ്യമാകൂ. രാജ്യാന്തര മാനദണ്ഡം അനുസരിച്ച് കപ്പല്‍ കൊച്ചി തീരത്ത് എത്തിക്കാനുള്ള സാധ്യത തേടിയാണ് മെര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ്, തുറമുഖ വകുപ്പ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്ഫോഴ്സ്മെന്റ്് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ കപ്പല്‍ പരിശോധിക്കുന്നത്.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് തടസം നിന്നതിനാലാണ് കപ്പല്‍ തീരത്ത് അടുപ്പിക്കാന്‍ സാധിക്കാതിരുന്നതെന്ന ആരോപണം പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ തള്ളി. വലിയ കപ്പലായതിനാല്‍ തീരത്തടുക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പോര്‍ട്ട് ട്രസ്റ്റിന്റെ വിശദീകരണം. കപ്പലില്‍നിന്ന് പിടിച്ചെടുത്ത വോയിസ് ഡേറ്റ് റെക്കോര്‍ഡറും ലോഗ് ബുക്കും പരിശോധിച്ചുകൊണ്ടിരിക്കുയാണ്.
കപ്പലിന്റെ സ്റ്റിയറിംഗിനു മുന്‍പ് തകരാറുണ്ടായിരുന്നതായി സ്ഥിരീകരണം
കൊച്ചി: കൊച്ചി പുറങ്കടലില്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു രണ്ടു പേരുടെ മരണത്തിനിടയാക്കിയ ആംബര്‍ എല്‍ എന്ന കപ്പലിന്റെ സ്റ്റിയറിംഗിനു മുന്‍പ് തകരാറുണ്ടായിരുന്നതായി സ്ഥിരീകരണം. ഇതുമൂലം കപ്പല്‍ നിയന്ത്രിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ തകരാര്‍ മൂലമാണോ അപകടം ഉണ്ടായതെന്നു പരിശോധന നടത്തിയാലേ വ്യക്തമാകൂ.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ നാലുമാസം മുന്‍പ് യുഎസില്‍ നടപടി നേരിട്ടതായി കോസ്റ്റല്‍ പോലീസിനു വിവരം ലഭിച്ചിരുന്നു. അമേരിക്കന്‍ തീരമേഖലയില്‍ ഈ കപ്പല്‍ പ്രവേശിക്കുന്നതിനു വിലക്കുണ്ടായിരുന്നതായി എഡിജിപി ടോമിന് ജെ. തച്ചങ്കരി പറഞ്ഞു.എന്‍ജിനില്‍നിന്നു തണുത്ത വെള്ളം ചോരുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ദിവസങ്ങളോളം അമേരിക്കയിലെ പോര്‍ട്ട്ലാന്‍ഡ് തുറമുഖത്തു കപ്പല്‍ തടഞ്ഞുവെച്ചതിന്റെ രേഖകളും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇതേ തകരാറുകളാണോ ഇപ്പോഴത്തെ അപകടത്തിനു വഴിവച്ചതെന്നു പരിശോധിക്കേണ്ടിവരും. പാനമയില്‍ റജിസ്റ്റര്‍ ചെയ്ത ഈ ചരക്കുകപ്പല്‍ 2000ലാണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. 185 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള കപ്പലിനു 48,282 ടണ്‍ ആണ് ആകെ ഭാരം. എന്നാല്‍, കപ്പലിന്റെ കേവുഭാരം (ഗ്രോസ് ടെന്നേജ്) 25,955 ടണ്‍.
14.3 നോട്ടിക്കല്‍ മൈല്‍ പരമാവധി വേഗമുള്ള ‘ആംബര്‍-എല്‍’ ജൂണ്‍ ഒന്നിനാണു ചൈനയിലേക്കു യാത്ര പുറപ്പെട്ടത്. 30,000 ടണ്‍ വളമാണു കപ്പലില്‍. ഇന്റർനാഷനല്‍ മാരിടൈം ഓര്ഗനൈസേഷന് (ഐഎംഒ) നമ്പര്‍ 9200354ല്‍ റജിസ്റ്റര്‍ ചെയ്ത ‘ആംബര്‍-എല്‍’ന്റെ മാരിടൈം മൊബൈല്‍ സര്‍വീസ് ഐഡന്റിറ്റി നമ്പര്‍ (എംഎംഎസ്ഐ) 357782000 ആണ്.