കൊച്ചി: ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് മുതല്‍കൂട്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സമുദ്ര പ്രതിരോധത്തില്‍ ആഗോള ശക്തിയാകുകയാണു ലക്ഷ്യമെന്നും പ്രതിരോധ സേനയെ ശക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പുരോഗതി ഉള്‍പ്പെടെ വിലയിരുത്താനെത്തിയതായിരുന്നു അദേഹം.നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗും മന്ത്രിക്കൊപ്പമെത്തിയിട്ടുണ്ട്.
കൊച്ചിന് ഷിപ്യാഡില്‍ അവസാനഘട്ട നിര്‍മാണം പുരോഗമിക്കുന്ന വിക്രാന്തിന്റെ സീ ട്രയല്‍സ് ആരംഭിക്കുന്നതിനു മുന്നോടിയായാണു പരിശോധന. ഇതിനു പുറമെ, ദക്ഷിണ നാവിക കമാന്‍ഡിനു കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി നിലവിലെ പരിശീലന പരിപാടികളും സേനയുടെ മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
കോവിഡ് പ്രതിരോധത്തിനായി സേന വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ മന്ത്രിക്കു പരിചയപ്പെടുത്തുന്നതിന് പ്രസന്റേഷനും ഒരുക്കിയിരുന്നു.കോവിഡ്കാലത്തും മൂന്നൂം നാലും മണിക്കൂര്‍ ഓവര്‍ടൈം ചെയ്തുകൊണ്ടാണ് പരിമിതമായ സാഹചര്യത്തെ മറികടന്നുള്ള ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം നടക്കുന്നത്.
അടുത്ത വര്‍ഷത്തോടെ ഐഎന്‍എസ് വിക്രാന്ത് സേനയ്ക്ക് കൈമാറാനുള്ള നീക്കങ്ങളാണു നടത്തുന്നത്. ഈ വര്‍ഷം നീറ്റിലിറക്കി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കൊച്ചിന് ഷിപ്യാര്ഡ് അറിയിച്ചു. 75 ശതമാനം സാമഗ്രികളും ഉപകരണങ്ങളും തദേശീയമായി നിർമിക്കാനായത് ആത്മനിഭര്‍ ഭാരതിന്റെ യഥാർഥ ഉദാഹരണമാണെന്ന് നേരത്തെ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.
നാവികസേനാ ആസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നലെ രാത്രി 7.30ന് പ്രത്യേക വിമാനത്തിലാണ് നാവികസേനാ വിമാനത്താവളത്തിലെത്തിയത്. മന്ത്രിയെ ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.കെ. ചാവ്ല സ്വീകരിച്ചു.
കര്‍ണാടക തീരത്തെ കാര്‍വാറിലെ ഐഎന്‍എസ് കടമ്പ നാവികത്താവളത്തില്‍ സീബേഡ് പ്രോജക്ട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണു മന്ത്രി കൊച്ചിയിലെത്തിയത്. ഇന്നു വൈകിട്ടു മന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും.