ലണ്ടൻ: മൂവായിരം വർഷം മുന്പു തകർന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങൾ ക്രൊയേഷ്യൻ തീരത്തിനു സമീപം കടലിനടിയിൽനിന്നു സമുദ്ര പുരാവസ്തുഗവേഷകർ പുറത്തെടുത്തു.
39 അടി നീളമുണ്ട് കപ്പലിന്. മെഡിറ്ററേനിയൻ കടലിൽനിന്നു കണ്ടെത്തിയ കപ്പൽ ബിസി 12-10 നൂറ്റാണ്ടിനിടയിൽ പൂർണമായും കൈകൊണ്ടു നിർമിച്ചതാണെന്നു ഗവേഷകർ പറയുന്നു. നാരുകൾ ഉപയോഗിച്ചാണു ബോട്ടിന്റെ തടിക്കഷണങ്ങൾ തുന്നിച്ചേർത്തിരിക്കുന്നത്. ലോഹങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുന്പും ശേഷവും ഈ സാങ്കേതികവിദ്യ ലോകമെന്പാടും പ്രചാരത്തിലുണ്ടായിരുന്നു.
ഇസ്ട്രിയ, ഡാൽമേഷ്യ പ്രദേശങ്ങളിലെ പുരാതന നാവിക പാരന്പര്യത്തിന്റെ അതിജീവിക്കുന്ന അപൂർവ ഉദാഹരണമാണ് കണ്ടെടുത്ത കപ്പലെന്നാണ് ഗവേഷകർ പറയുന്നത്. പുരാതനകാലത്തെ ബോട്ട് നിർമാണ സാങ്കേതികവിദ്യ അടുത്തറിയാൻ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
സംബ്രടിജ ഉൾക്കടലിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാൽ ആ സമുദ്രയാനത്തിന് സംബ്രടിജ ബോട്ട് എന്നാണു ഗവേഷകർ പേരു നൽകിയത്.