കൊച്ചി: നൈജീരിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ നൈജീരിയയില്‍ തടവിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ജീവനക്കാര്‍ മോചിതരാകും.
കപ്പല്‍ജീവനക്കാരെ മോചിപ്പിക്കുന്നതിനുള്ള പിഴത്തുക കപ്പല്‍ കമ്പനി ഒഎസ്എം ഷിപ്പ് മാനേജ്മെന്റ് കോടതിയില്‍ അടച്ചു. നൈജീരിയന്‍ നാവികസേനയ്ക്കാണ് പിഴത്തുക കൈമാറുക.
നാവികസേനയുടെ നിര്‍ദേശം ലംഘിച്ച് കപ്പല്‍ നിര്‍ത്താതെ പോയതിനാണ് പിഴ. ഇനി നൈജീരിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാല്‍ മാത്രം മതി.
അതേസമയം, പിഴ തുക അടച്ച വിവരം കപ്പലില്‍ തടവിലുള്ള എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത, കൊച്ചി സ്വദേശി സനു ജോസഫ് എന്നിവരുടെ കുടുംബങ്ങളെ കപ്പല്‍ കമ്പനി അറിയിച്ചു.
ആദ്യം നല്കിയ അക്കൗണ്ട് നമ്പറില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് പിഴത്തുക അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നു നൈജീരിയന്‍ കോടതിയുടെ ഉത്തരവ് ലഭിച്ച ശേഷം പുതിയ അക്കൗണ്ട് നമ്പറില്‍ പിഴത്തുക അടയ്ക്കുകയായിരുന്നു.
അതേ സമയം, കപ്പലില്‍ തടവിലുള്ള സനു ജോസഫുമായി ബുധനാഴ്ച ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചതായി ഭാര്യ മെറ്റില്‍ഡ പറഞ്ഞു. പതിനഞ്ച് മിനിറ്റാണ് സംസാരിക്കാന്‍ സാധിച്ചത്.
എന്നാല്‍, തടവിലാക്കപ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും നൈജീരിയന്‍ നാവികസേനയുടെ കസ്റ്റഡിയിലാണെന്നും മെറ്റില്‍ഡ പറഞ്ഞു.
എം ടി ഹീറോയിക് ഐഡുന്‍ എന്ന ഇറ്റാലിയന്‍ കപ്പലാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഒമ്പതിന് ഗിനിസേന തടഞ്ഞത്.
ഗിനി സര്‍ക്കാരിന് മോചനദ്രവ്യമായി വന്‍തുക നല്‍കിയെങ്കിലും കപ്പല്‍ വിട്ടുകൊടുത്തില്ല. കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയ നൈജീരിയ കപ്പലും നാവികരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.