ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ആഡംബര കപ്പലായ ദ ഗോൾഡൻ ഹൊറൈസൺ ഒടുവിൽ ആദ്യ യാത്രയ്ക്കൊരുങ്ങുന്നു.
കോൺവാൾ ഹാർബറിലേക്കാണ് ആദ്യ യാത്ര. ജൂൺ 21ന് പോർട്സ് മൗത്ത് ഹാർബറിലേക്കു നാടകീയ പ്രവേശനം നടത്താനായിരുന്നു പദ്ധതിയെങ്കിലും അതു മുടങ്ങി. കോവിഡ് വ്യാപനത്തെത്തുർന്നു പോർട്സ് മൗത്തിലേക്കുള്ള കന്നിയാത്ര റദ്ദാക്കുകയായിരുന്നു.
525 അടി!
525 അടിയിൽ തലയെടുപ്പോടെ നിൽക്കുന്ന കപ്പൽപ്പായ്മരമാണ് ഗോൾഡൻ ഹൊറൈസണിന്റെ ആരെയും അന്പരപ്പിക്കുന്ന പ്രത്യേകത.
ലോകപ്രശസ്തമായ ഫ്രഞ്ച് കപ്പൽ ഫ്രാൻസ് IIന്റെ മാതൃകയിലാണ് ഗോൾഡൺ ഹൊറൈസൺ രൂപകൽപന ചെയ്തിരിക്കുന്നത്. ട്രേഡ്വിൻഡ് വൊയേജസാണ് ഈ അതിശയക്കപ്പലിന്റെ നിർമാതാക്കൾ.
ഇനി കപ്പലിനുള്ളിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളെക്കുറിച്ചറിയാം.
525 അടി ഉയരമുള്ള കപ്പലിൽ മൂന്നൂറിൽപ്പരം ആളുകൾക്ക് ഒരേസമയം യാത്രചെയ്യാം. ഓണേഴ്സ് സ്യൂട്ടാണ് കപ്പലിലെ ആഡംബരമുറി.
ഇതിൽ ലിവിംഗ് റൂം, വാർഡ്രോബ്, ഊണു മുറി, ബാർ കൗണ്ടർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. ഇതുകൂടാതെ കപ്പലിൽ രണ്ട് ബാറുകളും ഒരു പിയാനോ ബാറും ഉണ്ട്.
അതേസമയം, കപ്പലിന്റെ പ്രീമിയം ബാറിൽ ലോകത്തിലെ വിലയേറിയ ജിന്നും വിസ്കിയും ലഭ്യമാണ്.
സ്പാ, ജിം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും കപ്പലിൽ സജ്ജമാണ്. കപ്പൽ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കു തീർത്തും വ്യത്യസ്മായ അനുഭവം സമ്മാനിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ട്രേഡ്വിൻഡ് വൊയേജസ് പ്രതിനിധി പറയുന്നു.
കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് അൻപതു ശതമാനം യാത്രക്കാരുമായിട്ടാകും ഗോൾഡൻ ഹൊറൈസണിന്റെ ആദ്യ യാത്രകളെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.