ഏകദേശം ഒരു വർഷം മുന്പ് ക്യുക് ബേർഡ് എന്ന സാറ്റലൈറ്റിൽനിന്നുള്ള ഭൂമിയുടെ ചിത്രങ്ങൾ പരിശോധിക്കുകയായിരുന്ന കാനഡയിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞർ. കസാക്കിസ്ഥാനിലെ മരുഭൂമിയുടെ ആകാശദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിൽ അവരൊരു കാഴ്ച കണ്ട് ഞെട്ടി.
നീണ്ടുനിവർന്നു കിടക്കുന്ന ആ മണലാര്യണ്യത്തിന്റെ മധ്യഭാഗത്തായി നാലു കൂറ്റൻ കപ്പലുകൾ കിടക്കുന്നു. ചിത്രങ്ങൾ വീണ്ടും പരിശോധിച്ച് തങ്ങൾ കാണുന്നത് കപ്പലിന്റെ അവശിഷ്ടങ്ങൾതന്നെയാണെന്ന് ശാസ്ത്രജ്ഞർ ഉറപ്പുവരുത്തി. പക്ഷേ അപ്പോൾ വലിയൊരു ചോദ്യം ബാക്കി, ഇത്ര വലിയ മരുഭൂമിയുടെ നടുക്ക് ആരാണ് കപ്പലുകൾ നങ്കൂരമിട്ടത്. കപ്പലുകൾ കണ്ടെത്തിയ സ്ഥലത്തുനിന്നും 280മൈൽ അകലെമാത്രമാണ് കടലുള്ളത്. അരൽ എന്നാണ് ആ കടലിന്റെ പേര്.
ആഴമുള്ള കടലുകളിൽ യാത്ര ചെയ്യാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കപ്പലുകൾ ആര് മരുഭൂമിക്കു നടുവിൽകൊണ്ടുപോയി വച്ചു എന്ന ചോദ്യം ചെറുതായൊന്നുമല്ല, ശാസ്ത്രലോകത്തെ കുഴക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കനേഡിയൻ ശാസ്ത്രജ്ഞനായ ജോർജ് കോറോണിസിന്റെ നേതൃത്വത്തിലുള്ള സംഘം.
ഒരു പക്ഷേ പണ്ട് ഈ മരുഭൂമിയും ഒരു കടലായിരുന്നിരിക്കാം എന്നതാണ് ഇവർ ആകെ കണ്ടെത്തിയ ഉത്തരം. എന്നാൽ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. ഏതായാലും കസാക്കിസ്ഥാനിലെ മരുഭൂമിക്കു നടുവിൽ കണ്ടെത്തിയ ഈ കപ്പലുകൾ ഇപ്പോഴും ശാസ്ത്രലോകത്തിന് ഉത്തരം നൽകാത്ത ചോദ്യമായി തുടരുകയാണ്.