കൊച്ചി: അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപത്തുവച്ച് തീപിടിച്ച ചരക്കു കപ്പലിൽനിന്നു രക്ഷപ്പെടുത്തിയ 19 ജീവനക്കാരെ കൊച്ചിയിലെത്തിച്ചു. ഇന്നു പുലർച്ചെ ഒന്നോടെ തീരസംരക്ഷണ സേനയുടെ സഹായത്തോടെ എറണാകുളം വാർപ്പിലാണ് ഇവരെ എത്തിച്ചത്. അടിയന്തര ശുശ്രൂഷകൾക്കായി ഇവരെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അപകടത്തിൽ മരിച്ച തായ്ലന്റ് സ്വദേശിയുടെ മൃതദേഹവും കൊച്ചിയിലെത്തിച്ചിട്ടുണ്ട്. തായ്ലൻഡ് സ്വദേശി സുക്സണ്പനിഗോഗ്റൻ (27) ആണ് മരിച്ചത്. മേൽനടപടികൾക്കായി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിംഗപ്പൂരിൽനിന്നു സൂയസിലേക്കുള്ള യാത്രമാധ്യേ ചൊവ്വാഴ്ച രാത്രി 8.50 ഓടെയാണ്, ഹോളണ്ടിലെ റോട്ടർഡാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മെർസ്ക് ഹൊനാം എന്ന 330 മീറ്റർ നീളമുള്ള കൂറ്റൻ ചരക്കു കപ്പലിനു തീപിടിച്ചത്.
പ്രാണരക്ഷാർഥം കടലിൽ ചാടിയ കപ്പലിലെ ജീവനക്കാരായ 27 പേരിൽ 23 പേരെ സമീപപ്രദേശത്തുണ്ടായിരുന്ന നാലു കപ്പലുകൾ സ്ഥലത്തെത്തി രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ, രക്ഷപ്പെട്ടവരിൽ ഉൾപ്പെട്ട തായ്ലൻഡ് സ്വദേശിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ, ഇന്ത്യക്കാരനുൾപ്പെടെ നാലുപേരെ ഇനിയും കണ്ടത്തേണ്ടതുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുന്നതായി തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ മലയാളിയടക്കം മൂന്നു പേരെ തീരസംരക്ഷണ സേനയുടെ ബോട്ടിൽ ഇന്നലെ വിഴിഞ്ഞത്തെത്തിച്ചിരുന്നു. തിരുവനന്തപുരം, മണക്കാട് സ്വദേശി ദീപു ജയൻ (32), ഫിലിപ്പീൻസ് സ്വദേശിയും കപ്പലിലെ സെക്കൻഡ് ഓഫീസറുമായ അലൻ റേ പാൽക്കാ ഗബുനിലാസ് ( (33), തായ്ലൻഡ് സ്വദേശിയും ഫോർമാനുമായ സുകുൻ സുവണ്ണപെംഗ് (36) എന്നിവരെയാണ് ഇന്നലെ തീരസംരക്ഷണ സേനയുടെ പട്രോൾ ബോട്ടിൽ വിഴിഞ്ഞത്തെത്തിച്ചത്.
കപ്പലിലെ പാചകക്കാരനായ സകിം ഹെഗ്ഡെയാണ് അപകടത്തിൽ കാണാതായ ഇന്ത്യക്കാരൻ. 27 ജീവനക്കാരിൽ ക്യാപ്റ്റൻ ഉൾപ്പെടെ 13 ഇന്ത്യക്കാരും ഒന്പതു ഫിലിപ്പീനികളും രണ്ടു തായ്ലൻഡുകാരും ഓരോ യുകെ, റോമാനിയ, ദക്ഷിണാഫ്രിക്കാരുമാണുണ്ടായിരുന്നത്. കൊച്ചിയിലെത്തിച്ച ജീവനക്കാരിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നാണു ആശുപത്രി വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.