കൊച്ചി: ഹോങ്കോംഗില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊച്ചിയിലെത്തിക്കും.
പളളുരുത്തി വെസ്റ്റ് കച്ചേരിപ്പടി വെളിപ്പറമ്പില്‍ വീട്ടില്‍ ജിജോ അഗസ്റ്റിന്റെ (26) മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകിട്ട് തീരക്കടലില്‍നിന്ന് ഹോങ്കോഗ് പോലീസ് കണ്ടെത്തിയത്.
ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഹോങ്കോംഗിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍നിന്ന് ഹൈബി ഈഡന് എംപിക്ക് ലഭിച്ചു. ശരീരത്തില്‍ സംശയാസ്പദമായ പരുക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും അറിയിപ്പിലുണ്ട്.
ജിജോയെ കപ്പലില്‍നിന്ന് കാണാതായതു സംബന്ധിച്ച് മാതാവ് ഹൈബിക്ക് നിവേദനം നല്‍കിയിരുന്നു. എംപിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഹോങ്കോംഗ് സര്‍ക്കാര്‍ ജിജോയ്ക്കായി തെരച്ചില്‍ ആരംഭിച്ചത്.
തായ്ലന്‍ഡില്‍നിന്ന് ഹോങ്കോംഗിലേക്കു പോയ കെസ്ട്രല്‍ കമ്പനിയുടെ കണ്ടെയ്നര്‍ കപ്പലിലെ ജീവനക്കാരനാണ് ജിജോ. കഴിഞ്ഞ 14 മുതലാണ് ജിജോയെ കാണാതായത്.
കഴിഞ്ഞ 12നാണ് ജിജോ വീട്ടിലേക്ക് അവസാനമായി വിളിച്ചത്. 14ന് ക്യാപ്റ്റന്‍ അനില്‍ സുഡെയെന്നയാളാണ് ജിജോയെ കാണാനില്ലെന്ന വിവരം മാതാവ് ഷേര്‍ളിയെ അറിയിച്ചത്.
കപ്പലിലെ മൂന്ന് ജീവനക്കാര്‍ തന്നെ സ്ഥിരമായി കളിയാക്കാറുണ്ടെന്നും അവരെ ക്യാപ്റ്റന്‍ പിരിച്ചുവിട്ടെന്നും ജിജോ അവസാനമായി വിളിച്ചപ്പോള്‍ അമ്മയെ അറിയിച്ചിരുന്നു.
അതിനുശേഷം ജിജോയുടെ ഫോണിലേക്ക് നിരന്തരം കോളുകള്‍ വരുന്നുണ്ടെന്നും ഭീഷണിപ്പെടുത്താനാണോയെന്നു പറഞ്ഞിരുന്നുമെന്നാണ് വിവരം. കപ്പലില്‍നിന്ന് വിവരം ലഭിക്കാതായതോടെ ഷേര്‍ളി പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.