കാസര്‍ഗോഡ്: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇന്തോനേഷ്യന്‍ നാവികസേന പിടിച്ചുവച്ച കപ്പല്‍ അഞ്ചുമാസമായി കോടതി നടപടികളില്‍ കുരുങ്ങിക്കിടക്കുന്നു. നാലു മലയാളികളടക്കം 23 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്നാണ് വിവരം. മലയാളികളിൽ മൂന്നുപേരും കാസർഗോട്ടുകാരാണ്.
കാസര്‍ഗോഡ് സ്വദേശി അനുതേജ്, ഉപ്പള പാറക്കട്ടയിലെ പി.കെ. മൂസക്കുഞ്ഞ്, കുമ്പള ആരിക്കാടിയിലെ കലന്തര്‍, പാലക്കാട് ജില്ലയില്‍നിന്നുള്ള വിപിന്‍രാജ് എന്നിവരാണ് കപ്പലിലുള്ളതായി സ്ഥിരീകരിച്ചിട്ടുള്ള മലയാളികള്‍. മുംബൈയില്‍നിന്ന് രാസപദാര്‍ത്ഥങ്ങളുമായി സിംഗപ്പൂരിലേക്ക് പോയ എസ്ജി പെഗാസസ് എന്ന കപ്പല്‍ മാര്‍ച്ചിലാണ് ഇന്തോനേഷ്യന്‍ തീരത്ത് കുടുങ്ങിയത്. മലാക്കാ കടലിടുക്കില്‍ വച്ചാണ് കപ്പലിന് ദിശതെറ്റിയതെന്നാണ് വിവരം. ഹോങ്കോംഗിലെ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
കപ്പല്‍ പിടിച്ചുവച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസി അധികൃതരും വിദേശകാര്യമന്ത്രാലയത്തിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥരും ഇന്തോനേഷ്യന്‍ നേവി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തി ലംഘിച്ചതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ കപ്പല്‍ മോചിപ്പിക്കാനാകൂവെന്ന നിലപാടിലാണ് ഇന്തോനേഷ്യൻ അധികൃതർ.
എന്നാല്‍ കപ്പലിന്റെ ഉടമസ്ഥരില്‍നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോടതി നടപടിക്രമങ്ങള്‍ മനഃപൂര്‍വം വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായാണ് മൂസക്കുഞ്ഞിന്റെ ബന്ധുക്കള്‍ പറയുന്നത്. ഉടമസ്ഥരായ ആംഗ്ലോ ഈസ്റ്റേണ്‍ കമ്പനി ഇതിനു തയാറല്ല. ഇതിനകം രണ്ടുതവണ കേസ് കോടതി പരിഗണിച്ചെങ്കിലും ഇന്തോനേഷ്യന്‍ നാവികസേനയുടെ പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നുവെന്ന് മൂസക്കുഞ്ഞ് ബന്ധുക്കള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.
കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കണമെന്ന അപേക്ഷയും നേവി അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. ഇപ്പോള്‍ കപ്പലില്‍ ആവശ്യത്തിന് ഭക്ഷണവും മരുന്നുകളുമുണ്ടെങ്കിലും മോചനം നീണ്ടുപോയാല്‍ അതും പ്രശ്നമാകുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ജീവനക്കാര്‍ പ്ലക്കാര്‍ഡുകളുമായി കപ്പലിനുമുന്നില് നില്ക്കുന്ന ചിത്രവും വീഡിയോ സന്ദേശവും അയച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഗൗരവമായ ഇടപെടലിനായി പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. ഇതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സഹായം തേടിയിട്ടുണ്ട്.