യാത്രക്കപ്പലിന്റെ 11-)ം നിലയിൽ നിന്നും കടലിലേക്ക് ചാടിയ ഇരുപത്തിയേഴുകാരനും സുഹൃത്തുക്കൾക്കും ഈ കപ്പലിൽ യാത്ര ചെയ്യുന്നതിൽ നിന്നും ആജീവനാന്ത വിലക്ക്. വാഷിംഗ്ടണ്‍ സ്വദേശിയായ നിക്കോളെ നയ്ദേവാണ് ബഹാമാസിലെ നസാവുവിൽ നങ്കൂരമിട്ട റോയൽ കരീബിയൻ ക്രൂയിസ് കപ്പലിൽ നിന്നും കടലിലേക്കു ചാടിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുവാനായിരുന്നു നിക്കോള ഈ സാഹസം ചെയ്തത്.
നിക്കോളെയുടെ സുഹൃത്തുക്കളാണ് ഈ ദൃശ്യം പകർത്തിയത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട കപ്പലിന്റെ അധികൃതർ തുടർന്ന് യാത്ര ചെയ്യുന്നതിൽ നിന്നും നിക്കോളയെയും സുഹൃത്തുക്കളെയും വിലക്കുകയായിരുന്നു.
കടലിലേക്കു ചാടിയതിനു ശേഷം കപ്പലിലേക്ക് തിരികെ കയറുവാൻ പോലും അധികൃതർ നിക്കോളയെ അനുവദിച്ചിരുന്നില്ല. മാത്രമല്ല തിരികെ വീട്ടിലേക്കു മടങ്ങുവാൻ നിങ്ങളുടേതായ മാർഗം സ്വീകരിച്ചുകൊള്ളാനും അധികൃതർ നിക്കോളയെയും സുഹൃത്തുക്കളെയും അറിയിച്ചു.
സംഭവം നടന്നതിന്റെ തലേദിവസം രാത്രി താൻ നന്നായി മദ്യപിച്ചിരുന്നുവെന്നും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ കപ്പലിൽ നിന്നും കടലിലേക്ക് ചാടുവാൻ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് നിക്കോളെ നൽകിയ വിശദീകരണം.
സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. നിക്കോളയെ വിഡ്ഢി എന്നാണ് ഭൂരിഭാഗമാളുകളും വിശേഷിപ്പിക്കുന്നത്. നിക്കോളെയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുവാനൊരുങ്ങുകയാണ് റോയൽ കരീബിയൻ ക്രൂയിസ് കപ്പലിന്റെ അധികൃതർ.