നിലമ്പൂർ/ മലപ്പുറം: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിൽ വണ്ടൂർ സ്വദേശിയായ അജ്മൽ സാദിഖിന്റെ കുടുംബം കടുത്ത ആശങ്കയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി കിടുകിടപ്പൻ അബ്ബാസിന്റെ മകൻ അജ്മൽ സാദിഖാണ് (27) ’ഗ്രേസ് വണ്‍’എന്ന കപ്പലിലുള്ളത്. കപ്പലിൽ ജൂണിയർ ഓഫീസറാണ് അജ്മൽ.
ഒരാഴ്ചയ്ക്കിടെ നിരവധി തവണ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട അജ്മൽ, മലയാളികൾ ഉൾപ്പെടെയുള്ള ക്രൂ അംഗങ്ങൾ കപ്പലിൽ സുരക്ഷിതരാണെന്നും ബ്രിട്ടന്റെ കപ്പലിലുള്ള റോയൽ നാവിക ഉദ്യോഗസ്ഥർ അവരോടു മാന്യമായി പെരുമാറുന്നുവെന്നും സഹോദരനെ അറിയിച്ചിരുന്നു.
കപ്പൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ശേഷം അജ്മൽ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് അജ്മലിന്റെ സഹോദരൻ മുഹമ്മദ് ലത്തീഫ് പറഞ്ഞു. കപ്പൽ പിടിച്ചെടുത്ത ഉടൻതന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കപ്പൽ ജീവനക്കാരുടെ രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. പിന്നീട് അവ തിരികെ നൽകി.
എന്നാൽ, കഴിഞ്ഞ ദിവസം സ്റ്റെന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണ കപ്പൽ, ഇറാൻ സേനാവിഭാഗമായ റവ ലൂഷണറി ഗാർഡ് പിടിച്ചെടുത്തതോടെരംഗം വഷളായി. ഇതോടെ അജ്മലിന്റെ കുടുംബവും നാട്ടുകാരും കടുത്ത ആശങ്കയിലാണ്. പ്രശ്നം തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കപ്പൽ വിട്ടയയ്ക്കാനുള്ള നടപടികളുണ്ടാകണമെന്ന പ്രാർഥനയിലാണ് കുടുംബം.
വണ്ടൂർ വിഎംസി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിനു ശേഷം കോൽക്കത്തയിലാണ് അജ്മൽ എൻജിനിയറിംഗ് പഠിച്ചത്. കഴിഞ്ഞ മേയ് 13നാണ് ഇറാന്റെ ഗ്രേസ് വൺ കപ്പലിൽ ജോലിക്കു ചേർന്നത്. നാട്ടിലെ സാമൂഹിക, സാംസ്കാരിക, രാഷട്രീയരംഗങ്ങളിലെല്ലാം നിറസാന്നിധ്യമായ അജ്മലിന്റെ തിരിച്ചു വരവ് എത്രയും വേഗത്തിലാകണമെന്ന പ്രാർഥനയിലാണ് നാട്.
മോചനം അകലെയല്ലെന്ന പ്രതീക്ഷയിൽ പ്രാർഥനയോടെ ഡിജോയുടെ കുടുംബാംഗങ്ങൾ
കളമശേരി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരനായ ഡിജോയുടെ മോചനം അകലെയല്ലെന്ന പ്രതീക്ഷയിൽ പ്രാർഥനയോടെ കുടുംബാംഗങ്ങൾ. കഴിഞ്ഞ ജൂണ്‍ 18 നാണ് സെറ്റ നാ ഇംപേരേ എന്ന കപ്പലിൽ ഡിജോ മെസ്മാനായി ജോലിയിൽ പ്രവേശിച്ചത്. മൂന്നു വർഷമായി ഇതേ കന്പനിയുടെ മറ്റു രണ്ട് കപ്പലിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് പുതിയ കപ്പലിൽ ജോലിയാരംഭിച്ചത്. ഡിജോയുടെ സഹോദരി ദീപ ലണ്ടനിലാണ് ജോലി ചെയ്യുന്നത്. ഇതേ കപ്പൽ കന്പനിയുടെ ലണ്ടനിലെ ഓഫീസിൽ നിന്ന് ദീപയെ വിളിച്ച് വിവരം പറയുകയായിരുന്നു. ദീപയാണ് കളമശേരിയിലെ വീട്ടിലേക്ക് വിവരം അറിയിക്കുന്നത്.
എല്ലാദിവസവും വീട്ടുകാരെ വിളിക്കാറുള്ള ഡിജോ ഏറ്റവുമൊടുവിലായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മയെ വിളിച്ചത്. അതിനുശേഷം ആരെയും വിളിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു. മുംബൈ തുറമുഖത്ത് നിന്നാണ് ഡിജോ കപ്പലിൽ ജോലിക്കു ചേർന്നത്. ഒൻപത് മാസത്തേക്കായിരുന്നു കപ്പൽ കന്പനിയുമായി ഉണ്ടായിരുന്ന കരാർ. അവിവാഹിതനായ ഡിജോയ്ക്ക് ഡിൻസി, ദീപ, എന്നീ സഹോദരിമാരാണുള്ളത്.
റെജിൻ പോയത് അഞ്ചു മാസം മുന്‍പ്
ഗുരുവായൂർ: ബ്രിട്ടൻ പിടിച്ചെടുത്ത ‘ഗ്രേസ് വൺ’’ എന്ന ഇറാൻ കപ്പലിലെ മലയാളി ഗുരുവായൂർ സ്വദേശി റെജിൻ രാജൻ കപ്പലിൽ ജോലിക്കു പോയത് അഞ്ചുമാസം മുന്‍പ്. മമ്മിയൂർ മുള്ളത്ത് ലെയിനിൽ ഓടാട്ട് രാജന്റെയും റിട്ടയേർഡ് അധ്യാപിക ഗീതയുടെയും മകനാണ്. ജൂലൈ നാലിനാണു ഇറാന്റെ കപ്പൽ ബ്രിട്ടീഷ് നേവി പിടിച്ചെടുത്തത്. ഭാര്യ ധ്യുതിക്കു ഇതുസംബന്ധിച്ച് കമ്പനിയിൽനിന്ന് അറിയിപ്പു ലഭിച്ചിരുന്നു. കമ്പനിയുടെ നിർദേശപ്രകാരം ധ്യുതി കേന്ദ്രമന്ത്രി വി. മുരളീധരനു പരാതി നൽകിയിട്ടുണ്ട്.
കപ്പൽ ബ്രിട്ടൻ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞതോടെ വീട്ടുകാർ ആശങ്കയിലാണ്. പിതാവും അമ്മയും ഭാര്യയും മകൾ റിതികയുമാണ് ഗുരുവായൂരിലെ വീട്ടിലുള്ളത്.
കപ്പലിൽ സുരക്ഷിതനെന്ന് പ്രജിത്തിന്റെ ഫോൺ സന്ദേശം
കാസർഗോഡ്: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പൽ ഗ്രേസ് വണിലെ ജീവനക്കാർ സുരക്ഷിതരെന്നു കപ്പലിലെ തേർഡ് എൻജിനിയറായ മലയാളിയുടെ ഫോണ്‍സന്ദേശം. കാസർഗോഡ് ഉദുമ സ്വദേശി പ്രജിത് പുരുഷോത്തമനാണ് ഇന്നലെ മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്നതായി ആരോപിച്ചാണ് ഈ മാസം ആദ്യവാരം ബ്രിട്ടീഷ് തീരസേനയും ജിബ്രാൾട്ടർ പോലീസും ചേർന്നു കപ്പൽ പിടിച്ചെടുത്തത്. പ്രജിത് ഉൾപ്പെടെ മൂന്നു മലയാളികളാണ് കപ്പലിലുള്ളത്.