കോഴിക്കോട്: പുത്തൻ പ്രതീക്ഷകളേകി മലബാറിൽ ജലഗതാഗതത്തിന് വാതിൽ തുറക്കുന്നു. തീരദേശ കപ്പൽ ഗതാഗതത്തിന് തുറമുഖ വകുപ്പ് പച്ചക്കൊടി വീശിയതോടെ മലബാറുകാരുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാവുകയാണ്.
മലബാർ ഡവലപ്മെന്റ് കൗൺസിലിന്റെ (എംഡിസി) ശ്രമഫലമായാണ് മലബാറിൽ തീരദേശ കപ്പൽ ഗതാഗതത്തിന് സാധ്യത തെളിഞ്ഞത്.
സംസ്ഥാനത്തെ റോഡ് – റെയിൽ സംവിധാനത്തിന്റെ നിലവിലെ അപര്യാപ്തത പരിഹരിക്കാൻ ബദൽ സംവിധാനം എന്ന നിലയ്ക്ക് തീരദേശ കപ്പൽ ഗതാഗത പദ്ധതി തുറമുഖ വകുപ്പ് നടപ്പിലാക്കി വരികയാണെന്ന് എംഡിസി ചെയർമാൻ ഷവ. സി.ഇ. ചാക്കുണ്ണിയെ അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.
മലബാറിൽ ജലഗതാഗതം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. താരതമ്യേന ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദവുമായ തീരദേശ കപ്പൽ ഗതാഗതത്തിന് സർക്കാർ മുൻതൂക്കം നല്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.
കൊച്ചി – കോഴിക്കോട്, കൊച്ചി – തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഹൈസ്പീഡ് യാത്രാ കപ്പൽ സർവീസ് തുടങ്ങുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. കോഴിക്കോട് – കൊച്ചി യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നതിനായി സേഫ് ബോട്ട് ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പു വച്ചിട്ടുണ്ട്.
ഇതിനായി രണ്ടു കപ്പലുകൾ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. മർക്കന്റൈൽ മറൈൻ ഡിപ്പാർട്ടുമെന്റിന്റെ -എംഎംഡി പരിശോധന പൂർത്തിയായി സർട്ടിഫിക്കറ്റ് ലഭിക്കുന്ന പക്ഷം സർവീസ് ആരംഭിക്കാനാവും. വിനോദ സഞ്ചാര മേഖലയ്ക്ക് ശക്തി പകരാനും ഈ കപ്പൽ സർവീസുകൾ ഉപകരിക്കും.
തീരദേശ യാത്രാ കപ്പൽ സർവീസും ടൂറിസം വികസനവും ലക്ഷ്യം വച്ച് കോവളം – കന്യാകുമാരി യാത്രാ കപ്പൽ സർവീസ് നടപ്പാക്കുന്നതിന് പഠന റിപ്പോർട്ട് തയാറാക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സർവീസ് പ്രാവർത്തികമാക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഇന്ന് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് തുറമുഖത്ത് പുതിയ കൺസർവേറ്റർ ഓഫീസ് ബേപ്പൂർ തുറമുഖത്ത് സെഫ്റ്റി സെക്യൂരിറ്റി ഓഫീസും ഇന്ന് ഉദ്ഘാടനം ചെയ്യും. ആകാശമാർഗവും ജലമാർഗവും യാത്രാ സൗകര്യങ്ങളും ചരക്കു നീക്കവും മെച്ചപ്പെട്ട് മലബാർ പ്രതാപത്തിലേക്ക് വരികയാണെന്ന് സി.ഇ. ചാക്കുണ്ണി പറഞ്ഞു.