കോഴിക്കോട്: ദുബായില്‍നിന്ന് ബേപ്പൂരിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ മൂന്നോടിയായി ബേപ്പൂര്‍ തുറമുഖത്ത് ആഴം കൂട്ടുന്നതിനുള്ള സര്‍വേ നടപടികള്‍ക്ക് വേഗം കൂടി.
തുറമുഖത്തേക്ക് കപ്പലുകള്‍ അനായാസം കടന്നുവരുന്നതിനുള്ള വഴിയൊരുക്കുന്നതിനാണ് ആഴം കൂട്ടുന്നത്. തുറമുഖ വകുപ്പിനു കീഴിലുള്ള ബേപ്പൂര്‍ ഹൈഡ്രോഗ്രാഫിക് വിഭാഗമാണ് സര്‍വേ നടത്തുന്നത്.
ആഗോള മാരിടൈം ഉച്ചകോടിയില്‍ കേരള-യുഎഇ, വിഴിഞ്ഞം-കോവളം-ബേപ്പൂര്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര ഷിപ്പിംഗ് തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍ അനുമതി നല്കിയ വിവരം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞ ദിദസം മലബാര്‍ ഡവലപ്മെന്റ് കൗണ്‍സിലിനെ അറിയിച്ചിരുന്നു.
ക്രിസ്മസ്-നവവത്സര സീസണ് മുന്‍പായി കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്.കേരള മാരിൈടം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം തുറമുഖത്ത് കാപ്പിറ്റല്‍ ഡ്രഡ്ജിംഗ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും ഹാര്‍ബര്‍ ബേസിനില്‍ ചെങ്കല്‍പാറ കണ്ടെത്തിയതിനെത്തുടര്‍ന്ന് മണ്ണുമാന്തല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
കൊച്ചി ആസ്ഥാനമായുള്ള ഡ്രഡ്ജിംഗ് കമ്പനിയാണ് ഇതിനുള്ള കരാര്‍ എടുത്തിട്ടുള്ളത്. ചെങ്കല്‍പാറ കണ്ടതിനാല്‍ കരാര്‍തുക പ്രകാരം ഡ്രഡ്ജിംഗ് നടത്താന്‍ കഴിയില്ലെന്ന് കമ്പനി തുറമുഖ വകുപ്പിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിഥാനത്തിലാണ് ചെങ്കല്പാറകളുടെ തോത് അറിയുന്നതിനുള്ള സര്‍വേ.
മറൈന്‍ സര്‍വേ മേധാവി നല്കുന്ന സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്രഡ്ജിംഗ് കമ്പനിക്കു നല്കിയ കരാര്‍ പുതുക്കാനാണ് സാധ്യത. അതിനുശേഷം പാറകള്‍ ആധുനിക യന്ത്ര സംവിധാനങ്ങ്ള്‍ ഉപയോഗിച്ച് പൊട്ടിച്ചെടുക്കും. അതിനുശേഷമായിരിക്കും ആഴം കൂട്ടല്‍ നടക്കുക.