വിഴിഞ്ഞം: കോവിഡ് രോഗികളുമായെത്തി ക്രൂചേഞ്ചിംഗ് നടത്തിയ ശേഷം തീരംവിടാൻ പോയ ചരക്ക് കപ്പലിനെ രാത്രിയിൽ അധികൃതർ തടഞ്ഞിട്ടു.
യാത്രക്കിടയിൽ മരണമടഞ്ഞ തൊഴിലാളിയുടെ മൃതദേഹം ഗുജറാത്തിലെ ന്യൂ മാംഗ്ലൂർ തുറമുഖത്തിറക്കിയ കാര്യവും കപ്പൽ ഏജൻസി മറച്ച് വച്ചതായും ബന്ധപ്പെവർ പറയുന്നു.
ഗുജറാത്തിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്ന സാൻ മാർഗ് സോംഗ് വേഡ് എന്ന ചരക്ക് കപ്പലിനെയാണ് തടഞ്ഞിടാൻ ഉന്നതങ്ങളിൽ നിന്നുള്ള അടിയന്തിര ഇടപെടൽ ഉണ്ടായത്.കഴിഞ്ഞ അഞ്ചിനാണ് തൊഴിലാളികളെ കയറ്റാനും ഇറക്കാനുമായി കപ്പൽ വിഴിഞ്ഞം പുറം കടലിൽ നങ്കൂരമിട്ടത്.
യാത്രക്കിടയിൽ ആരോഗ്യ പ്രശ്നമുള്ള തൊഴിലാളികൾകപ്പലിൽ ഉണ്ടെന്നും അവരെ വിഴിഞ്ഞത്ത് കോവിഡ് ടെസ്റ്റ് നടത്താൻ അനുവദിക്കണമെന്നുള്ള കപ്പലധികൃതരുടെ ആവശ്യം മാനിച്ച ബന്ധപ്പെട്ട ഏജൻസികൾ ക്രൂ ചേഞ്ചിംഗിന് അടിയന്തിര അനുമതിയും നൽകി.
ആദ്യ ദിവസം പുറത്തിറങ്ങിയ നാല് പേർക്ക് കോവിഡുള്ളതായി പരിശോധനയിൽ തെളിഞ്ഞു.ഇതിന് ശേഷം കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കി.
ഫലം വന്നപ്പോൾ അവരിലും ഒരാൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയതോടെ അണു നശീകരണമുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കപ്പലിന്റെ യാത്ര വൈകി.
മറ്റ് നടപടികൾ പൂർത്തിയാക്കി, രോഗബാധയുള്ളവർക്ക് പകരം പുതിയതായി ഏഴ് ഇന്ത്യക്കാരെയും കയറ്റി 24 പേരുമായി ഇന്നലെ വൈകുന്നേരം ഏഴോടെ കപ്പൽ തീരം വിടാൻ ഒരുങ്ങി.
യാത്രക്കൊരുങ്ങിയ കപ്പലിനെ അടിയന്തിരമായി തടഞ്ഞിടണമെന്ന നിർദ്ദേശം കൊച്ചിയിൽ നിന്നുള്ള ഉന്നതർ വിഴിഞ്ഞത്തെ ഉദ്യോഗസ്ഥർക്ക് നൽകി.
കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ അധികൃതർ കപ്പലിന്റെ യാത്രാനുമതി നിഷേധിച്ചു. യാത്രക്കിടയിൽ മരണപ്പെട്ട ആൾക്ക് കോവിഡ് ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.
കൂടെയുള്ളവർക്ക് കോവിഡുള്ളതായി മനസിലാക്കിയ ഏജൻസിയും കപ്പലധികൃതരും അത് മറച്ച് വച്ചാണ് സഹായാഭ്യർഥനയുമായി വിഴിഞ്ഞത്ത് വന്നതെന്നും ആരോപണമുയർന്നു.
ഇനി കൂടുതൽ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷമേ സാോംഗ് വേഡിന് തീരം വിടാനാകുവെന്നും അധികൃതർ പറയുന്നു.