ന്യൂഡൽഹി: ജാപ്പനീസ് തീരത്ത് ക്വാറന്റൈൻ ചെയ്തിട്ടിരിക്കുന്ന ഉല്ലാസക്കപ്പലിൽനിന്നു സഹായാഭ്യർഥനയുമായി ഇന്ത്യൻ യുവതി. ഡയമണ്ട് പ്രിൻസസ് കപ്പലിലെ സുരക്ഷാ ഓഫീസറായ സൊണാലി താക്കൂർ, വിഡിയോ കോളിലൂടെയാണു സഹായമഭ്യർഥിച്ചത്.
കപ്പലിലുള്ളവരിൽ വൈറസ് ബാധ പടരുകയാണെന്നും കേന്ദ്ര സർക്കാർ ഇടപെട്ട് നാട്ടിലെത്തിക്കാൻ അവസരമൊരുക്കണമെന്നും സൊണാലി താക്കൂർ വീഡിയോയിൽ അഭ്യർഥിച്ചു.
കപ്പലിലെ ജീവനക്കാരനായ ബിനയ് കുമാർ സർക്കാർ കഴിഞ്ഞദിവസം സഹായമഭ്യർഥിച്ചു ഫേസ്ബുക്കിൽ വിഡിയോ സന്ദേശം പോസ്റ്റ് ചെയ്തപ്പോഴാണ് കപ്പലിൽ ഇന്ത്യക്കാരുണ്ടെന്ന വിവരം പുറത്തുവന്നത്. 160 ജീവനക്കാർ ഇന്ത്യക്കാരാണെന്നാണ് ബിനയ് പറഞ്ഞത്.
കപ്പലിൽ ഉള്ളവരിൽ ആകെ 174 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.
ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ യാത്രക്കാരും ജീവനക്കാരുമായി 138 ഇന്ത്യക്കാരാണുള്ളത്. ഇതിൽ 132 പേർ ജീവനക്കാരും ആറു പേർ യാത്രക്കാരുമാണ്. കഴിഞ്ഞയാഴ്ച ജാപ്പനീസ് തീരത്തെത്തിയ കപ്പലിൽ 3,711 പേരാണുള്ളത്. 174 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കൂടുതൽപേർക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എല്ലാവരെയും മാസ്ക് ധരിപ്പിച്ചു. ഡക്കില്ലേക്ക് ആരെയും കടത്തിവിടുന്നില്ല.
പരമാവധി സമയം സ്വന്തം കാബിനിൽ ചെലവഴിക്കാനാണ് നിർദേശം. രണ്ടാഴ്ചത്തേക്ക് കപ്പൽ കരയിലടുക്കുന്നതിനു വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.