കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ ’സ്പെക്ട്രം ഓഫ് ദ സീസ് ’ കൊച്ചി തുറമുഖത്തെത്തി. 71 രാജ്യങ്ങളിൽ നിന്നായി നാലായിരത്തിലേറെ യാത്രക്കാരാണ് കപ്പലിലുള്ളത്. ദുബായിൽ നിന്നു സിംഗപ്പൂരിലേക്കുള്ള 14 ദിവസത്തെ യാത്രയ്ക്കിടെയാണു റോയൽ കരീബിയിൻ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള കപ്പൽ കൊച്ചി തീരമണഞ്ഞത്. ഇന്ത്യയിൽ കൊച്ചിക്കു മുന്പ് മുംബൈ തുറമുഖത്തും ’സ്പെക്ട്രം ഓഫ് ദ സീസ്’ എത്തിയിരുന്നു.
ജർമനിയിൽ കഴിഞ്ഞ ഏപ്രിലിൽ നിർമാണം പൂർത്തിയാക്കിയ ഈ കപ്പലിന്റെ നിർമാണ ചെലവ് 125 കോടി ഡോളറാണ്. 570 ദിവസം കൊണ്ടാണ് കപ്പൽ നിർമിച്ചത്. ഇന്ത്യൻ തീരങ്ങളിൽ ഇതേവരെ അടുത്തിട്ടുള്ളതിൽ ഏറ്റവും വലുതും നൂതനവുമായ ആഡംബര കപ്പലാണിത്. ലോകത്തിൽ ഏറ്റവും ചെലവേറിയതും സാങ്കേതിക തികവുമുള്ള യാത്രാ കപ്പലും ഇതു തന്നെ.
ബാഴ്സലോണയിൽ നിന്നു യാത്ര തുടങ്ങി ദുബായിൽ ആദ്യ യാത്ര അവസാനിപ്പിച്ച കപ്പലിന്റെ രണ്ടാം ഘട്ട യാത്രയാണിത്. മേയ് നാലിനു ദുബായ് തുറമുഖത്തു നിന്നാണ് യാത്ര ആരംഭിച്ചത്. മസ്കറ്റ് വഴി എട്ടു ദിവസം പിന്നിട്ട് ഇന്നലെ രാവിലെയാണു കൊച്ചിയിലെത്തിയത്.
16 ഡെക്കുകളുള്ള കപ്പലിൽ 5,622 അതിഥികളെ ഉൾക്കൊള്ളാനാവും. നിലവിൽ 4007 യാത്രക്കാരാണു ള്ളത്. 1750 കപ്പൽ ജീവനക്കാരിൽ 200 പേരും ഇന്ത്യക്കാരാണ്. ഇതിൽ ഭൂരിഭാഗവും കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരും. 174 ഇന്ത്യക്കാരും കപ്പലിൽ യാത്രക്കാരായുണ്ട്. നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ കപ്പലുകളായ ക്വാണ്ടം ഓഫ് ദ സീസ്, ഒവേഷൻ ഓഫ് ദ സീസ് എന്നിവയുടെ സഹോദര കപ്പലായ സ്പെക്ട്രം ഓഫ് ദ സീസിന്റ നീളം 1,139 അടിയാണ്. ഭാരം 1,68,666 ടണ്. വിർച്വൽ റിയാലിറ്റി സ്കൈ പാഡ് ഉൾപ്പെടെ അത്യാധുനികമായ അനേകം വിനോദ സാധ്യതകൾ കപ്പലിലുണ്ട്.
ഇന്നലെ രാത്രി തന്നെ കൊച്ചിയിൽ നിന്നു പുറപ്പെട്ട കപ്പൽ 16നു പെനാൻഗ് (മലേഷ്യ) തുറമുഖത്തടുപ്പിച്ച ശേഷം സിംഗപ്പൂരിലേക്ക് യാത്ര തുടരും. 18നു സിംഗപ്പൂരിൽ യാത്ര അവസാനിപ്പിക്കും. അടുത്ത മാസം ഷാംഗ്ഹായിയിൽ നിന്നാണു കപ്പലിന്റെ മൂന്നാം ഘട്ട യാത്രയെന്നു സ്പെക്ട്രം ഓഫ് ദ സീസിന്റെ ക്യാപ്റ്റൻ ചാൾസ് ഡിഗേ പറഞ്ഞു.