വിഴിഞ്ഞം: ക്രൂ ചേഞ്ചിംഗിനു കപ്പലുകൾ നിരനിരയായി വന്നതോടെ ടഗ്ഗ് ബോട്ടായ ധ്വനിയെ മാത്രം ആശ്രയിച്ചതിനാൽ ക്രൂ ചേഞ്ചിംഗ് ഏറെ മന്ദഗതിയിലായി.
വിശിയടിച്ച ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ധ്വനിയുടെ യാത്രക്കും തടസം സൃഷ്ടിച്ചു.
ലക്ഷ്യം പൂർത്തിയാക്കി തീരം വിടാൻ മണിക്കൂറുകൾ വൈകുമെന്ന് ഉറപ്പായതോടെ കപ്പൽ ഏജൻസികളും ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചു.
കാര്യങ്ങൾ കൈവിട്ട് പോകുമെന്നുറപ്പായതോടെ അന്താരാഷ്ട്ര തുറമുഖ നിർമാതാക്കളായ അദാനി പോർട്ടിന്റെ സഹായം അധികൃതർ തേടി.
രാവിലെ പത്ത് മണിയോടെ അദാനിപോർട്ടിന്റെ ടഗ്ഗായ സാഗർ ശ്രീയും ക്രൂ ചേഞ്ചിംഗിനായി തുറമുഖത്തടുത്തു.
ധ്വനിയിലെ ടഗ്ഗ് മാസ്റ്റർമാരായ സുനിൽ കുമാർ, ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ സാഗർ ശ്രീയും നിരവധി ആൾക്കാരെ തീരത്തടുപ്പിച്ചു.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിംഗ് സമയമായി അധികൃതർ നിശ്ചയിച്ചിരൂന്നത്.
എന്നാൽ ആവശ്യത്തിന് ടഗ്ഗില്ലാതെ വന്നതോടെ ഇന്നലെ സമയക്രമവും തെറ്റി. മാരിടൈം ബോർഡിന് വേറെയും ടഗ്ഗുകൾ ഉണ്ടായിരുന്നിട്ടും വിഴിഞ്ഞത്ത് എത്തിക്കാൻ കഴിയാതെ വാടകയ്ക്ക് എടുക്കേണ്ടി വന്നതിൽ അധികൃതർക്കെതിരെ പ്രതിഷേധമുയരുകയാണ്.
കൂടുതൽ കപ്പലുകൾ അടുക്കുന്പോൾ ജീവനക്കാരുടെ മാറ്റം വേഗത്തിലാക്കണമെന്ന ഏജന്റുമാരുടെ നിരന്തര ആവശ്യവും അധികൃതർ പരിഗണിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.