കയ്റോ: സുപ്രധാന സമുദ്രപാതയായ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ എവർ ഗിവൺ നീക്കാൻ സാധിച്ചതോടെ കനാലിലൂടെയുള്ള ജലഗതാഗതം പുനസ്ഥാപിച്ചു.
ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.
എവർ ഗിവൺ കുടുങ്ങിയതിന് പിന്നാലെ 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാലിന്റെ ഇരു ഭാഗത്തുമായി 213 കപ്പലുകൾ കുടുങ്ങിയത് ആഗോള ചരക്കു നീക്കത്തെ ഗണ്യമായി ബാധിച്ചിരുന്നു.
തടസങ്ങൾ നീക്കി കപ്പൽ തിങ്കളാഴ്ച പുലർച്ചെ മുതൽ ചലിച്ച് തുടങ്ങിയതായി കമ്പനി അറിയിച്ചിരുന്നു.
ചൈനയിൽനിന്ന് നെതർലാന്റ്സിലേക്കു പോകുകയായിരുന്ന 400 മീറ്റർ നീളവും രണ്ടു ലക്ഷം ടൺ ഭാരവുമുള്ള കപ്പൽ കഴിഞ്ഞ ചൊവ്വാഴ്ച കനത്ത കാറ്റിൽപ്പെട്ട് വട്ടംതിരിഞ്ഞ് മുൻപിൻഭാഗങ്ങൾ മണ്ണിലുറച്ചുപോകുകയായിരുന്നു.
ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരുന്നത്.
മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുഗതാഗത ദൈർഘ്യം ഗണ്യമായി കുറയ്ക്കുന്നു.
ലോകത്തിലെ ചരക്കു ഗതാഗതത്തിന്റെ പത്തു ശതമാനവും ഇതുവഴിയാണ്.