കൊച്ചി: കപ്പല്‍ശാലയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൗണ്ട് വഴി കൈമാറിയ കേസില്‍ പ്രതി കപ്പല്‍ശാലയിലെ കരാര്‍ ജീവനക്കാരന് മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടന്റെ അക്കൗണ്ടിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് ഫേസ്ബുക്കിനെ സമീപിക്കും.
ഇയാള്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയ എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹ മാധ്യമ അക്കൗണ്ടിന്റെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനായിട്ടാണ് സൈബര്‍ സെല്ലുവഴി ഫേസ്ബുക്കിനെ സമീപിക്കുന്നത്. വൈകാതെ ഈ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡിസംബര്‍ 19 വരെ കാലയളവിലാണ് നിര്‍മാണത്തില്‍ ഇരുന്ന പ്രതിരോധ കപ്പലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ചിത്രങ്ങളും വിവരങ്ങളും “എയ്ഞ്ചല്‍ പായല്‍’എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് കൈമാറിയത്. നാവികസേനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങള്‍, പ്രതിരോധ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികള്‍, അവയുടെ വിവരങ്ങള്‍, വിവിഐപികളുടെ സന്ദര്‍ശനം തുടങ്ങിയവ ഇയാള്‍ സമൂഹമാധ്യമം വഴി നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
മെസഞ്ചറിലൂടെയാണ് ശ്രീനിഷും എയ്ഞ്ചല്‍ പായല്‍ എന്ന അക്കൗണ്ടിലുള്ള വ്യക്തിയും ചാറ്റ് നടത്തിയത്. ഇതില്‍ പലതും പ്രതി ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് ഫേസ്ബുക്കിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ചോദ്യം ചെയ്യല്‍ തുടരുന്നു
രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ശ്രീനിഷിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
വിദേശത്തുള്ള അക്കൗണ്ടിലേക്കാണ് ഇയാള്‍ കപ്പല്‍ശാലയിലെ വിവരങ്ങള്‍ കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിലൂടെ ഇയാള്‍ എന്തൊക്കെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും എന്ത് ആവശ്യത്തിനാണെന്നതിനെക്കുറിച്ചുമൊക്കെ അറിയാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ഇന്നലെ വൈകിയും ചോദ്യം ചെയ്തതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും പോലീസിന് ലഭിച്ചതായാണ് സൂചന. ശ്രീനിഷിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.