വിഴിഞ്ഞം: ശനിയാഴ്ച വന്ന് മടങ്ങാനാകാതെ വിഴിഞ്ഞത്ത് കുടുങ്ങിയ അഞ്ച് കപ്പലുകളും ഇന്നലെ എത്തിയ മൂന്ന് ഉൾപ്പെടെ എട്ട് കപ്പലുകൾ ക്രൂ ചേഞ്ചിംഗ് പൂർത്തിയാക്കി തീരം വിട്ടു .
ഒരു കപ്പലിലെ ജീവനക്കാരെ അദാനിയുടെ വക ടൊയിൻ ബാർജ് സാഗർ മൂന്ന് എത്തിച്ചപ്പോൾ ഏഴെണ്ണത്തിന് സഹായമായി മാരിടൈം ബോർഡിന്റെ ധ്വനിയും സജീവമായി പങ്കെടുത്തു.
കടൽ ഏറെ പ്രക്ഷുഭുപ്തമായിരുന്നതിനാൽ രാവിലെ ആരംഭിച്ച ക്രൂ ചേഞ്ചിംഗ് വൈകുന്നേരത്തോടെയാണ് അവസാനിച്ചത്.
എന്നാൽ അന്തർ ദേശീയ ക്രൂ ചേഞ്ചിംഗ് ഹബ്ബായ വിഴിഞ്ഞത്തേക്ക് കൂടുതൽ ടഗ്ഗ് എത്തിക്കാൻ ഇന്നലെയും അധികൃതർ തയാറായില്ല.
തീരുമാനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥർ ഇല്ലാത്തതും ഉന്നതരുടെ താത്പര്യക്കുറവുമാണ് തുറമുഖത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് ആരോപണമുയരുന്നു.
സർക്കാരിന് കോടികളുടെ വരുമാനം നൽകുന്ന പ്രമുഖ പോർട്ടായ വിഴിഞ്ഞത്തിന് ഒരു ഓഫീസർ ഇല്ല. കൊല്ലം പോർട്ട് ഓഫീസറുടെ മേൽനോട്ടത്തിലാണ് വിഴിഞ്ഞത്തിന്റെ പ്രവർത്തനം വർഷങ്ങളായി നടന്നു വരുന്നത്.
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഓഫീസർ ഇവിടെയെത്തുന്നതും.നിലവിൽ പർസർ തസ്തികയിൽപ്പെട്ട ഉദ്യോഗസ്ഥരാണ് ഇത്രയും തിരക്കുള്ള പോർട്ടിനെ നിയന്ത്രിക്കുന്നത്.
കേരളത്തിൽ വിഴിഞ്ഞത്തും, അഴീക്കലിലും മാത്രമാണ് പോർട്ട് ഓഫീസർമാർ ഇല്ലാത്തത്. കപ്പലിലെ ക്യാപ്റ്റൻമാരായിരിക്കണം പോർട്ട് ഓഫീസർ തസ്തികയിൽ എത്തേണ്ടതെന്നും യോഗ്യതയുള്ളവർ ഡിപ്പാർട്ട്മെന്റിൽ കുറവെന്നുമാണ് അധികൃതരുടെ വാദം.
ടഗ്ഗ് കപ്പലിൽ ഇടിച്ചു
വിഴിഞ്ഞം: ക്രൂ ചേഞ്ചിംഗിന് പോയ ടഗ്ഗ് കടൽക്ഷോഭത്തിൽപ്പെട്ട് ബന്ധിച്ചിരുന്ന വടവും തകർത്ത്കപ്പലിൽ ഇടിച്ചു.
ജീവനക്കാർ കടലിൽ വീഴാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.അപകടത്തിൽ ടഗ്ഗിന്റെ വശങ്ങളും ലൈഫ് റാഫ്റ്റും തകർന്നു.ഇന്നലെ ഉച്ചയോടെ കപ്പൽ ജീവനക്കാരെ കയറ്റാനും ഇറക്കാനുമായി പുറപ്പെട്ട അദാനി പോർട്ടിന്റെ ടൊയിൻ ബാർജായ സാഗർ ത്രീ യാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ തീരത്ത് നങ്കൂരമിട്ട എം.പി.ദി ക്രാഫ്റ്റ് എന്ന കപ്പലിലെ ഇരുപതു ജീവനക്കാരെ കയറ്റാനും ഇരുപത് ജീവനക്കാരെ ഇറക്കാനുമുള്ള ലക്ഷ്യവുമായാണ് കടലിൽ ഇറങ്ങിയത്.
കപ്പലിനടുത്ത് എത്തിച്ച ടഗ്ഗിനെ ജീവനക്കാർ കൂറ്റൻ വടം കൊണ്ട് കപ്പലിൽ ബന്ധിച്ച് നിർത്തി. എന്നാൽശക്തമായ കടൽക്ഷോഭത്തിൽ വടം തകർത്ത ടഗ്ഗ് കപ്പലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.