ബിബിൻ ബാബു
കൊച്ചി: അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചി കപ്പൽശാല അധികൃതരെ പ്രതികളാക്കി കേസ് ഫയൽ ചെയ്തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നടത്തിയ അന്വേഷണത്തിൽ കപ്പൽശാലയിലെ ഉദ്യേഗസ്ഥരുടെ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കപ്പൽശാലയുടെ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അരുണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി ചട്ടലംഘനങ്ങൾ അക്കമിട്ടു നിരത്തി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതു വിശദമായി പഠിച്ചശേഷമാണ് കപ്പൽശാലയിലെ ഷിപ്പ് ബിൽഡിംഗ് ജനറൽ മാനേജർ എ.വി. സുരേഷ് കുമാർ, ഷിപ്പ് റിപ്പയറിംഗ് ജനറൽ മാനേജർ കെ.എൻ. ശ്രീജിത്ത് എന്നിവരെ പ്രതികളാക്കി കേസ് ഫയൽ ചെയ്തത്.
ഷിപ്പ് റിപ്പയറിംഗ് ജനറൽ മാനേജരാണ് ഷിപ്പിന്റെ കൈവശാവകാശക്കാരൻ. കഴിഞ്ഞ ഫെബ്രുവരി 13നാണ് ഒഎൻജിസിയുടെ സാഗർഭൂഷണ് എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കറിനുള്ളിൽ പൊട്ടിത്തെറിയുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ വാതക ചോർച്ചയാണു പൊട്ടിത്തെറിക്കു കാരണമായതെന്നു കണ്ടെത്തിയിരുന്നു. വാട്ടർ ടാങ്കിലെ അസറ്റലിൻ വാതകത്തിന്റെ സാന്നിധ്യമാണ് ദുരന്തത്തിലേക്കു കാര്യങ്ങൾ എത്തിച്ചത്.
എല്ലാ ദിവസവും രാവിലെ ജോലി ആരംഭിക്കുന്നതിനു മുൻപ് പരിശോധനകളെല്ലാം നടത്തി കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കർ സുരക്ഷിതമാണെന്ന് ഉറപ്പിക്കണമെന്നാണു ചട്ടം. ഇതു പാലിച്ചിരുന്നെങ്കിൽ രാവിലെ തന്നെ അസറ്റലിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കുമായിരുന്നു. വലിയ സുരക്ഷാ വീഴ്ചയാണ് അപകടമുണ്ടാകാൻ കാരണമെന്നു റിപ്പോർട്ടിൽചൂണ്ടിക്കാ ട്ടിയിരുന്നു.
വർക്ക് പെർമിറ്റ് നൽകിയ ശേഷമാണു ജീവനക്കാർ ടാങ്കറിനുള്ളിലേക്ക് ഇറങ്ങുന്നത്. പരിശോധന നടത്താതെ പെർമിറ്റ് നൽകിയതും ചട്ടലംഘനമാണ്. കൃത്യമായ മേൽനോട്ടം കപ്പൽശാല അധികൃതർ നൽകിയിരുന്നില്ലെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. പരിശീലനം, ടാങ്കറുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയൊന്നും ജീവനക്കാർക്കു കാര്യമായി നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യങ്ങളാണ് പ്രതി ചേർക്കപ്പെട്ടവർക്കെതിരേ കുറ്റങ്ങളായി ചുമത്തിയിരിക്കുന്നത്. ഫാക്ടറി നിയമത്തിന്റെയും ചട്ടങ്ങളുടെയും മൂന്നു ലംഘനങ്ങളാണു 50 പേജുള്ള അന്വേഷണ റിപ്പോട്ടിൽ പറഞ്ഞിരുന്നത്. ഇത്രയുമധികം ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനം അപകടരഹിതമായിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ഫാക്ടറീസ് ചട്ടങ്ങളിൽ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.
കൊച്ചി കപ്പൽശാല ഇക്കാര്യത്തിൽ ലംഘനം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് തൊഴിൽ മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നുവെന്നും അവിടെനിന്ന് അനുമതി ലഭിച്ച ശേഷമാണു എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തതെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി. പ്രമോദ് പറഞ്ഞു.