കൊച്ചി: അഞ്ചു പേരുടെ മരണത്തിനിടയാക്കി ഒഎൻജിസിയുടെ സാഗർഭൂഷണ്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിക്കു കാരണം അസറ്റിലിൻ ചോർന്നതാണെന്ന് തെളിഞ്ഞു. കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കിനു മുകളിലെ എസി പ്ലാന്റിനിന്നു അസറ്റിലിൻ ചോർന്നതെന്നാണ് സൂചന. ഫോറൻസിക് പരിശോധനയിലാണ് അസറ്റിലിൻ ചോർന്നത് സ്ഥിരീകരിച്ചത്.
വാതകം എങ്ങനെ ചോർന്നു, സംഭവദിവസം രാവിലെ നടത്തിയ പരിശോധനയിൽ വാതകത്തിന്റെ സാന്നിധ്യം എന്തുകൊണ്ടു കണ്ടെത്താനായില്ല തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
അസറ്റിലിൻ കത്തിയാൽ വിഷവാതകമായി മാറാൻ സാധ്യതയുണ്ട്. ഇതു ശ്വസിച്ചതാകാം മരണകാരണം. പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടും മറ്റും ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സാധിക്കൂവെന്നു ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി. പ്രമോദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.