സിജോ പൈനാടത്ത്
കൊച്ചി: അതിജീവനവും പരിസ്ഥിതി സ്നേഹവും സമന്വയിപ്പിച്ച യുവത്വം. മൂന്നു വർഷത്തോളമായി തളർന്ന ശരീരവുമായി ചക്രക്കസേരയിലിരിക്കുന്പോഴും തളരാത്ത മനസുമായി സ്വപ്നങ്ങളെഴുതുന്ന സി.പി. ഷിറാഫുദ്ദിൻ എന്ന മുപ്പതുകാരന്റെ ജീവിതം ഇങ്ങനെ ചുരുക്കി വായിക്കാം.
ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ചു പരിസ്ഥിതി സൗഹൃദ പേനകൾ നിർമിക്കുന്നവർ നിരവധി പേരുണ്ടാകും. ഷൊർണൂർ നന്പ്രം സ്വദേശി സി.പി. ഷറഫുദ്ദിന്റെ കൈകളിൽ രൂപപ്പെട്ട ഒന്നര ലക്ഷത്തോളം പേപ്പർ പേനകൾക്കു പറയാനുള്ളത് പരിസ്ഥിതി സൗഹൃദത്തിനൊപ്പം നിലനില്പിന്റെ പോരാട്ടത്തെക്കുറിച്ചു കൂടിയാണ്.
2016 ജൂലൈയിലുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലും സുഷുമ്നാ നാഡിയും തകർന്നതാണ് ഈ ചെറുപ്പക്കാരനെ എന്നന്നേക്കുമായി ചക്രക്കസേരയിലേക്ക് ഇരുത്തിയത്. ബസ് കാത്തു നിൽക്കുന്നതിനിടെ പാഞ്ഞുവന്ന ലോറിയിടിച്ചായിരുന്നു അപകടം. ദുബായിൽ മൊബൈൽ ഫോണ് ടെക്നീഷനായിരുന്ന ഷറഫുദ്ദിൻ നാട്ടിൽ അവധിക്കെത്തിയപ്പോഴാണ് അപകടമുണ്ടായത്.
ചക്രക്കസേരയിലാക്കപ്പെട്ടവർക്കായി 2017ൽ റോട്ടറി ക്ലബ് നടത്തിയ സ്വയം തൊഴിൽ പരിശീലന ക്യാന്പിൽ പങ്കെടുത്തതാണു പേപ്പർ പേന നിർമാണത്തിനു നിമിത്തമായത്. എൽഇഡി ബൾബ് നിർമാണം ഉൾപ്പടെ പലതും പഠിച്ചെങ്കിലും ഉള്ളിലെ പരിസ്ഥിതി സ്നേഹം പേപ്പർ പേനകളിൽ ഉറപ്പിച്ചു.
പച്ചക്കറികൾ, ചെടികൾ എന്നിവയുടെ വിത്തുകൾ ഉള്ളിൽ വച്ചാണു പേപ്പർ പേനകൾ നിർമിക്കുന്നത്. ഉപയോഗശേഷം ഉപേക്ഷിക്കുന്ന പേനയിൽ നിന്നു പുതുസൃഷ്ടി. മഷി നിറയ്ക്കാനുള്ള റീഫിൽ ഒഴികെ എല്ലാം പുനസംസ്കരിക്കാം. പ്രതിദിനം 300 പേനകൾ വരെ നിർമിക്കുമെന്നു ഷിറാഫുദ്ദിൻ പറയുന്നു.
ഭാര്യ ആബിദ മക്കളായ യാസിം മുഹമ്മദ്, മുഹമ്മദ് ബാസിൽ എന്നിവരും പേന നിർമാണത്തിൽ കൂട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയും മറ്റും കേട്ടറിഞ്ഞു പേന വാങ്ങാൻ ആളുകൾ ഏറെയാണ്. രാജ്യത്തിനകത്തും പുറത്തും ഷിറാഫുദ്ദിന്റെ പേപ്പർ പേനകൾ ഉപയോഗിക്കുന്ന മലയാളികളുണ്ട്. പേനയിൽ ഉപയോഗിക്കുന്ന വിത്തുകൾ കൃഷിഭവനിൽന്നാണു വാങ്ങുന്നത്.
പേനയ്ക്കൊപ്പം കുടയും ഷിറാഫുദ്ദിൻ നിർമിച്ചു വിൽക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിൽ ഷിറാഫുദ്ദിന്റെ കുടുംബം സന്തുഷ്ടരാണ്. തന്റേതു പോലെ ജീവിതാവസ്ഥയിലുള്ളവരെ സഹായിക്കാനും ഇദ്ദേഹം വരുമാനത്തിലെ ഒരു ഭാഗം ഉപയോഗിക്കുന്നു. അവരെ പേപ്പർ പേന നിർമാണം പഠിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.