കോട്ടയം: വേനലില്‍ പാല് ഉത്പാദനം കുറഞ്ഞതോടെ ക്ഷീരസംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായി. പാലിന്റെ സംഭരണവില വര്‍ധിപ്പിക്കുക, പാല്‍വില ചാര്‍ട്ട് പരിഷ്കരിക്കുക എന്നിവയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
കാലിത്തീറ്റ വിലവര്‍ധന, തൊഴിലാളികളുടെ വേതന വര്‍ധനവ്, തീറ്റപ്പുല്‍ ക്ഷാമം, വെറ്ററിനറി സേവനങ്ങളുടെ ചെലവ് വര്‍ധന തുടങ്ങിയ കാരണങ്ങളാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ഇത്തരം പ്രതിസന്ധികളെത്തുടര്‍ന്ന് സംസ്ഥാനത്ത് പാലിന്റെ ഉത്പാദനം കുറയുകയാണ്. ഉത്പാദനച്ചെലവ് വര്‍ധനവും പാല് ലഭ്യതക്കുറവും മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നതായി കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ലാക്കമ്മിറ്റി ആരോപിച്ചു.
വരവും ചെലവും തമ്മിലെ അന്തരം
പാലിനു ലഭിക്കുന്ന വിലയും പശുപരിപാലന ചെലവും പരിശോധിച്ചാല്‍ പിടിച്ചു നില്‍ക്കാനാവില്ല. ഒരു ലീറ്റര്‍ പാല് ഉത്പാദന ചെലവ് 65 രൂപയോളമാണ്. ക്ഷീരസംഘത്തില്‍നിന്ന് ലീറ്ററിന് 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇത്രയും നഷ്ടം സഹിക്കാന്‍ സാധിക്കാതെ ക്ഷീരകര്‍ഷകര്‍ ഈ മേഖലയില്‍നിന്നു കൊഴിഞ്ഞുപോകുകയാണ്.
പ്രതിസന്ധിയില്‍ ക്ഷീരസംഘങ്ങള്‍
പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് ഒട്ടേറെ ക്ഷീര സംഘങ്ങള്‍ അടച്ചു പൂട്ടി. പലതും പൂട്ടലിന്റെ വക്കിലുമാണ്. പാല് സംഭരണം കുറഞ്ഞതാണ് പ്രധാന കാരണം. മിക്ക ക്ഷീര സംഘങ്ങളും 60 രൂപ നിരക്കില്‍ പാല് ചില്ലറ വില്പന നടത്തിയാണ് പിടിച്ചുനില്ക്കന് ശ്രമിക്കുന്നത്. ഉത്പാദനച്ചെലവിനനുസരിച്ചു വില ലഭിക്കാത്തതുകൊണ്ട് പുതുതായി ആരും ഈ മേഖലയിലേക്കു വരുന്നുമില്ല.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു മില്‍മതന്നെ നടത്തിയ പഠനത്തില്‍ ഒരു ലീറ്റര്‍ പാല് ഉത്പാദിപ്പിക്കാന്‍ ചെലവ് 48.68 രൂപയാണ് കണക്കായിരിക്കുന്നത്. പ്രസ്തുത പഠനത്തില്‍ ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.4 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇത് 32 രൂപയായി വര്‍ധിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടണമെങ്കില്‍ പാല് സൊസൈറ്റിയില്‍നിന്ന് മിനിമം 70 രൂപയെങ്കിലും ലഭിക്കാനുള്ള നടപടികള്‍ മില്‍മയും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
സര്‍ക്കാരിന്റെ അവഗണന
കര്‍ഷകരെ രക്ഷിക്കാന്‍ സ്വകാര്യ കാലിത്തീറ്റ കമ്പനികള്‍ ഒരു ചാക്കിന് 25 രൂപ കുറച്ചപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍ വില കുറയ്ക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വില വര്‍ധിപ്പിക്കില്ലെന്ന് നിലപാടെടുത്ത മൃഗസംരക്ഷണ വകുപ്പിന്റെ ഫാമുകളില്‍ പാല്‍വില നാലു രൂപ വര്‍ധിപ്പിച്ച് 60 രൂപയാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഫാമുകള്‍ക്ക് പോലും വില വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാന്‍ സാധിക്കാത്ത സാഹചര്യമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.