കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്ജുന് ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തുന്നതിനു ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ മൂന്നുദിവസത്തേക്കു മാത്രമാണെന്ന് ഡ്രഡ്ജിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ മഹേന്ദ്ര ഡോഗ്രെ.
മൂന്നു ദിവസത്തേക്കുള്ള കരാര്‍ ആണ് നിലവില്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍, ദൗത്യം പത്തുദിവസമെങ്കിലും നീളാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഗോവയില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഡ്രഡ്ജര്‍ കൊണ്ടുവന്നിട്ടുള്ളത്. കര്‍ണാടക സര്‍ക്കാരാണ് ചെലവു വഹിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെയാണു തെരച്ചില്‍ . ഇരുട്ടുവീണു കഴിഞ്ഞാല്‍ തെരച്ചില്‍ ഉണ്ടാവില്ല.
ഓഗസ്റ്റ് 17ന് ആണ് മണ്ണുനീക്കാന്‍ കഴിയാത്തതിനാല്‍ ഗംഗാവലി പുഴയിലുള്ള തെരച്ചില്‍ അവസാനിപ്പിച്ചത്. അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം നല്‍കിയതോടെയാണ് പുരോഗതിയുണ്ടായത്. ഒടുവില്‍ കര്‍ണാടക സര്‍ക്കാര്‍ തന്നെ ഈ തുക വഹിക്കാന്‍ തയാറായി.