കോട്ടയം: പിഎഫ് തുക പാസാക്കി നൽകാൻ പ്രതിഫലം ആവശ്യപ്പെട്ട് ഏർപ്പെടാൻ വിദ്യാഭ്യാസവകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥനെ കുടുക്കിയത് ഫിനോഫ്തലിൽ പൗഡർ വിതറിയ ഷർട്ട്.
കാസർഗോഡ് സ്വദേശിയും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷനിലെ ജൂണിയർ സൂപ്രണ്ടുമായ ആർ. വിനോയ് ചന്ദ്രനെ(41) കരുക്കാൻ വിജിലൻസാണ് അധ്യാപികയ്ക്കു ഷർട്ട് നൽകിയത്.
വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അറസ്റ്റു ചെയ്തത്.
സംസ്ഥാന ഗവണ്മെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറാണ് വിനോയ് ചന്ദ്രൻ.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാൾ സമീപിക്കുകയായിരുന്നു.
വീട് നിർമാണത്തിനായി പിഎഫിൽനിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നൽകിയിരുന്നത്.
ഈ അപേക്ഷ വിനോയ് ഒരു മാസം തടഞ്ഞുവച്ചു. അപേക്ഷയിൽ തീരുമാനം ആകാതെ വന്നതോടെ ഫോണിൽ വിളിച്ച യുവതിയോട് വാട്സ് ആപ് കോൾ വിളിക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
വാട്സ് ആപ്പിൽ കോൾ വിളിച്ചതോടെ ’ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്’ ഇയാൾ ആവശ്യപ്പെട്ടു.
എനിക്ക് കാര്യം മനസിലായില്ലെന്ന് പറഞ്ഞ ജീവനക്കാരിയോട് വീഡിയോ കോളിൽ വരാനായിരുന്നു നിർദേശം.
ഇതിന് തയാറാകാതെ വന്നതോടെ താൻ അടുത്തദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം കോട്ടയം നാഗന്പടത്തെ ഐശ്വര്യ അപ്പാർട്ടുമെന്റിൽ മുറി എടുക്കുമെന്നും ഇവിടേക്ക് വരണമെന്നും നിർദ്ദേശിച്ചു.
ഇതോടെ യുവതി വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.
ഇട്ടിരിക്കുന്ന ഷർട്ട് മുഷിഞ്ഞതിനാൽ മുറിയിലേക്കെത്തുന്പോൾ 44 സൈസുള്ള പുതിയൊരു ഷർട്ടും വാങ്ങിക്കൊണ്ടു വരണമെന്നും പ്രതി നിർദ്ദേശിച്ചിരുന്നു.
ഇത് വിജിലൻസിനെ അറിയിച്ചിരുന്നു. തുടർന്നാണ് യുവതി വാങ്ങിയ ഷർട്ടിൽ ഫിനോഫ്തലിൽ പൗഡർ വിതറി വിജിലൻസ് സംഘം കൊടുത്തുവിട്ടത്.
വിജിലൻസ് സംഘം രാവിലെ തന്നെ പ്രതിയുടെ മുറിയുടെ സമീപത്ത് മുറിയെടുത്ത് കാത്തിരിക്കുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ യുവതി പ്രതിയെ കണ്ടുമുട്ടി. തുടർന്ന് ഹോട്ടൽ മുറിയിൽ എത്തിയശേഷം യുവതി ഉള്ളിലേക്ക് കയറിയതിനു പിന്നാലെ വിജിലൻസ് സംഘം മുറിക്കുള്ളിലേക്കു കയറി ഇയാളെ കസ്റ്റഡിൽ എടുക്കുകയായിരുന്നു.
യുവതിക്കു പ്രതി അയച്ച വാട്സ്ആപ് സന്ദേശങ്ങളടക്കം വിജിലൻസിന് ലഭിച്ചു. ഇയാളെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.