കല്ലടിക്കോട്: അന്തർസംസ്ഥാന ജലകരാറിന്റെ അടിസ്ഥാനത്തിൽ തമിഴ്നാടിന് നല്കുന്ന ശിരുവാണി ഡാമിൽനിന്നുള്ള ജലം അളന്നു നല്കാനാകാതെ കേരളത്തിലെ ജലസേചനവകുപ്പ്. ശിരുവാണി ഡാമിൽനിന്നും ഇൻടേക്ക് ടണൽവഴി കൊണ്ടുപോകുന്ന ജലം അളന്നുനല്കണമെന്നാണ് നിയമം.
എന്നാൽ കൃത്യമായി അളക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിക്കാൻ പോലും ഉദ്യോഗസ്ഥർ തയാറായിട്ടില്ല. കേരളം നല്കുന്ന വെള്ളത്തിനുപകരം ഡാമിന്റെയും ഇടക്കുർശി ശിരുവാണി റോഡിന്േറയും അറ്റകുറ്റപ്പണികൾ നടത്തുന്നത് തമിഴ്നാടാണ്.
വെള്ളം വിട്ടുനല്കുന്നതിന് തമിഴ്നാട് ഓരോവർഷവും കോടിക്കണക്കിന് രൂപയാണ് കേരളത്തിന് നല്കുന്നത്. എന്നാൽ ഈ പണം പൂർണ്ണമായും ഉപയോഗിക്കാനുള്ള പദ്ധതികൾ തയാറാക്കാൻപോലും സർക്കാരിന് കഴിയാറില്ല.
1973 ലെ കരാർപ്രകാരം 1.3 ടി.എം.സി. വെള്ളമാണ് ഒരുവർഷം ഈ ഡാമിൽ നിന്നും കേരളം നല്കേണ്ടത്. കൃത്യമായി ഈ വെള്ളം അളയ്ക്കാനുള്ള മാപിനികൾ സ്ഥാപിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. കഴിഞ്ഞ കുറേവർഷങ്ങളായി ഡാമിന്റെ അടിയിൽ കൂടിവെള്ളം രഹസ്യമായി തമിഴ്നാട് കടത്തികൊണ്ടുപോയിരുന്നു. ഏറെക്കാലത്തെ പരിശ്രമഫലമായി സംസ്ഥാന സർക്കാർ ആ ടണൽ അടച്ചു.
തുടർന്നാണ് വെള്ളം അളന്നുനല്കാൻ ഇരുസംസ്ഥാനങ്ങളും സമ്മതിക്കുകയും മാപിനികൾ സ്ഥാപിക്കാൻ ധാരണയായതും. എന്നാൽ ഇതുവരേയും മാപിനികൾ സ്ഥാപിച്ചിട്ടില്ല. ഇത് തമിഴ്നാട് സർക്കാരിനെ സഹായിക്കാനാണെന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്.
ഡാമിന്റെ ഷട്ടറിൽനിന്നും രണ്ടുകിലോമീറ്റർ അകലെ ഇൻടേക്ക് ടവർ നിർമിച്ച് അവിടെനിന്നും പെൻസ്റ്റോക്ക് പൈപ്പുകൾ വഴി 12 കിലോമീറ്റർ മലയുടെ അടിയിലൂടെ ആലാന്തറയിൽ എത്തിച്ച് അവിടെനിന്നും അളന്ന് ശുദ്ധീകരിച്ചാണ് കോയന്പത്തൂരിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്നത്.
ഗുണനിലവാരത്തിൽ ഏഷ്യയിലെ തന്നെ രണ്ടാംസ്ഥാനമാണ് ശിരുവാണി ജലത്തിനുള്ളത്.
മാപിനി സ്ഥാപിച്ച് ജലം കൃത്യമായി അളന്നുനല്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.