അമ്പലപ്പുഴ: വോട്ടുപിടിക്കാൻ സ്ഥാനാർഥികൾ വാഗ്ദാനങ്ങൾ പലതും നൽകും. ജയിച്ചു പോയാലോ… ആളുമില്ല, വാക്കുമില്ല. തോറ്റാൽ പിന്നെ പറയുകയേ വേണ്ട…
ഇതു സാധാരണ സംഭവം. എന്നാൽ അമ്പലപ്പുഴ ബ്ലോക്ക് എംസിഎച്ച് ഡിവിഷനിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ഇതു തിരുത്തി. പരാജയപ്പെട്ടെങ്കിലും പറഞ്ഞ വാഗ്ദാനം പാലിച്ചൂ, ഈ പൊതു പ്രവർത്തക.
യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷിതയാണ് മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുട്ടിക്ക്പഠിക്കാൻ മൊബൈൽ ഫോൺ നൽകി വാക്കുപാലിച്ചത്.
പഠനത്തിനു കൈത്താങ്ങ്
തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വീടുകൾ കയറിയിറങ്ങിയപ്പോഴാണ് കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് നീർക്കുന്നത്ത് റെയിൽവെ പുറമ്പോക്കിൽ കഴിയുന്ന അനീഷ് കുമാർ – രമ്യ ദമ്പതികളുടെ മകൾ അനുശ്രീയുടെ ദുരിതം ഷിതയുടെ ശ്രദ്ധയിൽപ്പെട്ടത്.
വീട്ടിൽ ടെലിവിഷനുണ്ടെങ്കിലും തുടർ പoനത്തിനായി മൊബൈൽ ഫോണില്ലാത്തതിനാൽ പുന്നപ്ര എൻഎസ്എസ് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ അനുശ്രീ വീടിന് വളരെയകലെയുള്ള പിതൃ സഹോദരന്റെ വീട്ടിൽച്ചെന്നാണ് പഠനം നടത്തിയിരുന്നത്.
ഇത് ബുദ്ധിമുട്ടായതോടെ സമീപവാസിയുടെ ഫോൺ രാത്രിയിൽ ഒരു മണിക്കൂറോളം കടം വാങ്ങിയാണ് ഹോം വർക്ക് ചെയ്തിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഷിത അനുശ്രീക്ക് പഠനസഹായത്തിനായി മൊബൈൽ ഫോൺ വാഗ്ദാനം നൽകാനായി ഉറച്ചു.
എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സഹപ്രവർത്തകരോട് മാത്രമാണ് ഈ വിവരം പറഞ്ഞിരുന്നത്. ഫല പ്രഖ്യാപനം വന്നപ്പോൾ പരാജയപ്പെട്ടെങ്കിലും വാഗ്ദാനം പാലിക്കാൻ ഷിത മറന്നില്ല.
ഇന്നലെ സുഹൃത്തുക്കളുമൊത്ത് അനുശ്രീയുടെ വീട്ടിലെത്തി മാതാവ് രമ്യയ്ക്ക് ഷിത മൊബൈൽ ഫോണും പoനോപകരണങ്ങളും കൈമാറിയപ്പോഴാണ് വീട്ടുകാർപോലും ഈ വിവരം അറിയുന്നത്.
വിജയിച്ച സ്ഥാനാർഥികൾ വരെ വാഗ്ദാനം മറക്കുന്ന ഈ കാലത്ത് വേറിട്ട പ്രവർത്തനം കാഴ്ച വച്ച ഈ പ്രവർത്തക മുൻ ബ്ലോക്ക് പ്രസിഡന്റ് ശോഭാഗോപിനാഥന്റെ മകളാണ്.