ഡെന്നിസ് ജേക്കബ്
കൃതേഷിനെ കണ്ടപ്പോൾ ശിവന്യക്കുട്ടിക്ക് ഒരു നാണം. പിന്നെ ചിരി. സോഷ്യൽ മീഡിയയെ മുഴുവൻ ഒറ്റ വീഡിയോ കൊണ്ട് വീഴ്ത്തിയ അതേ കുസൃതിച്ചിരി. അറിയാതെ വീഡിയോയെടുത്ത് വൈറലാക്കി തന്നെ ’ചതിച്ച’ ആ കാമറച്ചേട്ടനെ നേരിട്ടു കാണാനാണ് തലശേരിക്കാരി ശിവന്യ കോഴിക്കോട്ടുള്ള എസിവി സ്റ്റുഡിയോയിലെത്തിയത്.
’നേരിട്ടു കണ്ടപ്പോഴും ശിവന്യക്കുട്ടിക്ക് ഒരു മാറ്റവുമില്ല. ആ ചിരിയും കളിയും കുസൃതിത്തരങ്ങളും അതേപോലെതന്നെ. എന്റെ ഫോണിൽ നിന്ന് ഒരിക്കൽകൂടി ആ വീഡിയോ കണ്ടു. പിന്നെയും അതേ ചിരി…’ കൃതേഷ് ദീപിക ഡോട്ട്കോമിനോടു പറഞ്ഞു. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ശിവന്യ എസിവി ഓഫീസിലെത്തിയത്. രണ്ടുമണിക്കൂറോളം കളിചിരിയുമായി കൂടി ഒടുവിൽ കാമറച്ചേട്ടന് വയറുനിറയെ പാട്ടുംപാടിക്കൊടുത്ത ശേഷമാണ് ശിവന്യ തിരിച്ചുപോയത്.
’ചതിച്ചതാ, എന്നെ കാമറാമാൻ ചതിച്ചതാ…’ എന്ന അടിക്കുറിപ്പോടെയാണ് 37 സെക്കൻഡ് ദൈർഘ്യമുള്ള ശിവന്യയുടെ വീഡിയോ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. സ്വയം പാട്ടുപാടി താളമിട്ട് അഭിനയിച്ച് കുസൃതിയും ചിരിയും നിറഞ്ഞ മുഖഭാവത്തോടെയുള്ള ശിവന്യയെ സോഷ്യൽ മീഡിയയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. പിന്നെ ഷെയറുകളുടെ ബഹളമായിരുന്നു. ഇതോടെ കൊച്ചുകുറുന്പിയെക്കുറിച്ചുള്ള അന്വേഷണമായി. ഒടുവിൽ അത് കൃതേഷിലേക്കും ശിവന്യയിലേക്കും എത്തുകയായിരുന്നു.
തലശേരി കലായി മാക്കൂട്ടത്തെ വിജേഷിന്റെയും ഷീജയുടെയും ഇളയമകളാണ് ശിവന്യ. തലശേരി അമൃത സ്കൂളിൽ പഠിക്കുന്ന ശിവന്യ കഴിഞ്ഞ സെപ്റ്റംബറിൽ മാതാപിതാക്കൾക്കും ചേച്ചിക്കുമൊപ്പം കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ബിജെപി ദേശീയ സമ്മേളനത്തിനായി എത്തിയതായിരുന്നു. പതാകജാഥാ സമ്മേളനത്തിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്ന കൃതേഷ് അവിചാരിതമായാണ് ശിവന്യക്കുട്ടിയെ കണ്ടത്. അവിടെ മുഴങ്ങിക്കേട്ട പാട്ടിനൊപ്പമുള്ള ശിവന്യയുടെ മുഖഭാവം കണ്ട കൃതേഷ് കാമറ അങ്ങോട്ടു തിരിക്കുകയായിരുന്നു.