ലൈംഗിക പീഡനക്കേസിൽ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹെെക്കോടതി. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ താരവുമാണ് ഷിയാസ് കരീം. ബള്‍ഗേറിയയില്‍ നടന്ന ‘മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018’ – ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായിരുന്ന ഷിയാസ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കാസർഗോഡ് പടന്ന സ്വദേശിനിയുടെ പരാതിയിൽ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗമാണ് ഇയാളെ പിടി കൂടിയത്. യുവതിയിൽ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഇയാൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു.
പീഡന പരാതി ഉയർന്നതിന് പിന്നാലെ തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഷിയാസ് പങ്കുവച്ചിട്ടുണ്ട്. ഷിയാസ് കരീമിന്റെ വിവാഹം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യുവതി പരാതിയുമായി രംഗത്ത് വന്നത്.