കൂത്തുപറമ്പ്: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
മാഹി ഈസ്റ്റ് പളളൂർ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കാസർഗോഡ് ബദ്രടുക്കം പുത്തൂർ രാജീവ് കോളനിയിലെ ടി.എ.ഫായിസ് (26), കാസർഗോഡ് കമ്പാറിലെ പാലത്തൊട്ടി ഹൗസിൽ അബ്ദുൽ മന്നാൻ (30) എന്നിവരെയാണ് കൂത്തുപറമ്പ് സിഐ എൻ. സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28ന് മാങ്ങാട്ടിടം മൂന്നാം പീടികയിലെ അൽ അമീൻ റസിഡൻസിയിലെ മുറിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഓൺ ലൈൻ വഴി മുറി ബുക്ക് ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റി ഇവിടേക്ക് കൊണ്ടുവരികയായിരുന്നു.
പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കി. അതിനു ശേഷം പെൺകുട്ടിയെ തിരിച്ച് നാട്ടിലെത്തിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു.
ചൈൽഡ് ലൈനിൽ ലഭിച്ച പരാതി കൂത്തുപറമ്പ് പോലീസിന് കൈമാറിയതിനെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസർഗോഡ് ബദ്രടക്കം രാജീവ് കോളനിയിൽ വച്ച് പ്രതികളെ പിടികൂടിയത്.
ഇവർ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. എഎസ്ഐ വി. കെ.അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ.സുധി, രാജേഷ് കുണ്ടഞ്ചാൽ,വിജിത്ത് അത്തിക്കൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.