ചെന്നൈ: ദളിത് യുവാവുമായി പ്രണയത്തിലായ പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ ജനനിയെ ആണ് അമ്മ തീ കൊളുത്തി കൊന്നത്. മകളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ ഉമാമഹേശ്വരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.
ദളിത് യുവാവുമായി പ്രണയത്തിലായ ജനനി ഇയാൾക്കൊപ്പം ഇറങ്ങിപോവാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വീട്ടുകാർ കണ്ടതിനെ തുടർന്ന് ഈ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഒരു വർഷം മുന്‍പ് ജനനിയെ സ്കൂളിൽ വിടുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാൽ ജനനി ഇയാളുമായുള്ള ബന്ധം തുടർന്നു. ഇതാണ് അമ്മയെ പ്രകോപിപ്പിച്ചത്.
ഇതേ തുടർന്നാണ് മഹേശ്വരി തന്റെയും മകളുടെയും ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.