തലശേരി: ചന്ദന മോഷ്ടാവിനെ പിടിക്കാൻ ഉറക്കമൊഴിഞ്ഞ് നാട്ടുകാർ വീശിയ വലയിൽ കുരുങ്ങിയത് അർദ്ധരാത്രിയിൽ കാമുകിയെ തേടിയെത്തിയ യുവ കാമുകന്റെ ബൈക്ക്.
വൈദ്യുത പോസ്റ്റിൽ ചങ്ങലയാൽ ബന്ധിച്ച ബൈക്ക് പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വഷണത്തിലാണ് യുവാവിന്റെ കാമുകിയെ തേടിയുള്ള രാത്രി സഞ്ചാരത്തിന്റെ ചുരുളഴിഞ്ഞത്.
ഒരു മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന നാട്ടിലാണ് ചന്ദനക്കള്ളനെ കുടുക്കാൻ ദിവസങ്ങളോളം കാത്തിരുന്ന് നാട്ടുകാർ വിരിച്ച വലയിൽ അൽപം രാഷ്ട്രീയവുമൊക്കെയുള യുവാവ് കുടുങ്ങിയത്.
പ്രദേശത്തെ വീടുകളിലെ പറമ്പുകളിൽ നിന്നും ചന്ദന മോഷണം പതിവായതോടെയാണ് നാട്ടുകാർ നിരീക്ഷണം ശക്തമാക്കിയത്.
ടോർച്ചും കുറുവടിയുമായി നാട്ടുകാർ പതിയിരുന്ന ദിവസങ്ങളിലെല്ലാം റോഡരികിൽ ഒരു ബൈക്കിന്റെ സാന്നിധ്യവും പതിവായിരുന്നു.
ഇതോടെ ചന്ദനക്കടത്തുകാരന്റെ ബൈക്കാണ് റോഡരുകിൽ കാണുന്നതെന്ന നിഗമനത്തിലെത്തി നാട്ടുകാർ.
മതിൽചാട്ടമാണ്!
ബൈക്ക് റോഡരുകിലെ വൈദ്യുതി പോസ്റ്റിൽ ചങ്ങലയിൽ ബന്ധിക്കുകയും വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു.
ചന്ദനക്കടത്ത് സംഘത്തിനെ വലയിൽ വീഴ്ത്താനുള്ള തുമ്പ് കിട്ടിയ ആവേശത്തിൽ പോലീസ് പറന്നെത്തി ബൈക്ക് കസ്റ്റഡിയിൽ എടുത്തു.
ബൈക്കിന്റെ നമ്പർ വെച്ച് ആർസി പരിശോധിച്ച പോലീസ് വിലാസം അനുസരിച്ച് ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
രാഷ്ട്രീയ രംഗത്ത് സജീവമായ യുവാവിന്റേതാണ് ബൈക്ക് എന്ന സൂചനകൾ പോലീസിന് ലഭിക്കുന്നതിനിടയിൽ തന്നെ സ്റ്റേഷനിലേക്ക് പ്രാദേശിക നേതാവിന്റെ ഫോൺ കോളെത്തി.
“ചതിക്കരുത് ഇത് ചന്ദനക്കടഞ്ഞതല്ല മതിൽ ചാട്ടമാണ് ‘ രക്ഷിക്കണം… ഇതായിക്കുന്നു നേതാവിന്റെ അഭ്യർത്ഥന.
നേതാവിന്റെ കാൽക്കൽ വീണ് കൊണ്ട് യുവാവ് നേതാവിന്റെ സമീപം നിൽക്കുന്നുണ്ടായിരുന്നു.
തന്റെ പാർട്ടിയുടെ കരുത്തനായ പ്രവർത്തകന്റേതാണ് ബൈക്ക്. അതു കൊണ്ട് തന്നെ വെറുതെ വിടണമെന്നായി നേതാവിന്റെ അഭ്യർഥന.
ചന്ദനക്കടത്തല്ല ബൈക്കിനു പിന്നിലെന്ന് അറിഞ്ഞതോടെ പോലീസിനും സംഭവത്തിൽ റോളില്ലാതായി.
ഒടുവിൽ ആംബുലൻസ് ഡ്രൈവർ കൂടിയായ യുവാവിന്റെ ബൈക്ക് നേതാവിന്റെ സാന്നിധ്യത്തിൽ വിട്ടു കൊടുക്കുകയും ചെയ്തു.
മേലിൽ രാത്രിയുള്ള മതിൽ ചാട്ടം ആവർത്തിക്കരുതെന്ന താക്കീതോടെ യുവാവിനെ നേതാവ് പറഞ്ഞയച്ചു.
നിങ്ങളുടെ മകൾ വിവാഹിതയായി!
ഇതുകൊണ്ടും കഥ അവസാനിച്ചില്ല. ഇനിയും യുവതിയെ കാണാനുള്ള തന്റെ രാത്രി യാത്ര അപകടം ചെയ്യുമെന്ന് ബോധ്യപ്പെട്ട യുവാവ് ഒരു ദിവസം പകൽ ഡിഗ്രി വിദ്യാർഥിനിയായ കാമുകിയുമായി ഒളിച്ചോടി.
മകളുടെ പ്രണയത്തേക്കുറിച്ചോ കാമുകന്റെ മതിൽ ചാട്ടത്തെ കുറിച്ചോ അറിയാതിരുന്ന പെൺകുട്ടിയുടെ രക്ഷിതാക്കൾ മകളെ കാണാതായതോടെ അങ്കലാപ്പിലുമായി.
ഇതേ സമയം നേതാവിന്റെ ഫോൺകോൾ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെത്തി. പരിഭ്രമിക്കേണ്ട ..”നിങ്ങളുടെ മകൾ വിവാഹിതയായി.
അവർ സുരക്ഷിതരുമാണ്…ഇപ്പോൾ യുവാവിന്റെ ബൈക്ക് നാട്ടുകാർ ചങ്ങല കൊണ്ട് ബന്ധിച്ച വൈദ്യുത പോസ്റ്റിനു സമീപമുള്ള പറമ്പിൽ ആ പ്രണയ ജോഡികൾക്ക് വീട് ഒരുങ്ങുകയാണ്.