പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ വിവാഹ വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്. സാനിയ മിർസയ്ക്ക് ശേഷം മാലിക്ക് വിവാഹം കഴിച്ച സനാ ജാവേദ് എന്ന പെൺകുട്ടി ആരെന്നു അറിയാനുള്ള ചർച്ചയായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം നടന്നത്.
മൂന്നാം വിവാഹത്തിനായി മാലിക്കിന്റെ ഹൃദയം കീഴടക്കിയ ആ സുന്ദരിയെ തിരഞ്ഞായിരുന്നു പിന്നീട് സൈബർ ഇടങ്ങളിലെ പല വാർത്തകളും. പാക്കിസ്ഥാൻ ടെലിവിഷൻ ചാനലുകളിലെ നിറസാന്നിധ്യമായ നടിയാണ് സനാ ജാവേദ്.
30 വയസുകാരിയായ സനയുടെയും രണ്ടാം വിവാഹമാണിത്. പാക്കിസ്ഥാനിലെ അറിയപ്പെടുന്ന ഗായകനായ ഉമൈർ ജസ്വാളിനെയാണ് സന ആദ്യം വിവാഹം കഴിച്ചത്. 2020 വിവാഹിതരായ ഇവർ 2023 നവംബർ 28ന് വിവാഹമോചിതരായി. തുടർന്ന് ഒന്നര മാസത്തിനിപ്പുറം മാലിക്കിനെ വിവാഹം കഴിച്ചു.
നേരത്തെ തന്നെ മാലിക്കും സനായും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ സാനിയ മിർസയുമായുള്ള വിവാഹമോചനത്തെ കുറിച്ച് സ്ഥിരീകരണമില്ലാത്തതും ഔദ്യോഗികമായി പ്രണയം വെളിപ്പെടുത്താതെ ഇരുന്നതിനാലും വാർത്ത അപ്രതീക്ഷീതമായാണ് ആരാധകരെ തേടിയെത്തിയത്.
2012ൽ ഷെഹർ-ഇ-സാത്ത് എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച സന പിന്നീട് നിരവധി സീരിയലുകളിൽ നായികയായി. ഖാനി എന്ന റൊമാന്റ്ക് സീരിയലിലെ ടൈറ്റിൽ റോൾ അവതരിപ്പിച്ചതിനു ശേഷം സനയെ തേടി നിരവധി അംഗീകാരങ്ങളെത്തി. നടിയാകും മുമ്പ് മോഡലിംഗ് രംഗത്തും പരസ്യചിത്രങ്ങളിലും സന കഴിവ് തെളിയിച്ചിരുന്നു.
2017ൽ ഡാനിഷ് തൈമൂറിനൊപ്പം മെഹ്റുനിസ വി ലബ് യു എന്ന ഹാസ്യ ചിത്രത്തിലൂടെയാണ് സന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
1993 മാർച്ച് 25ന് സൗദി അറേബ്യയിലെ ജിദ്ദയിലാണ് സനാ ജനിച്ചത്. ഹൈദരാബാദിലെ ഡെക്കാന് സ്വദേശികളാണ് സനയുടെ കുടുംബം. ജിദ്ദയിലെ പാക്കിസ്ഥാൻ ഇന്റർനാഷനൽ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം കറാച്ചിയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് കറാച്ചി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും നേടി.